കാബൂൾ : ഭീകരാക്രമണത്തിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ രക്ഷാദൗത്യം ഊര്‍ജിതമാക്കി യുഎസ് സൈന്യം. താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം രാജ്യത്ത് കുടുങ്ങിയ ജനതയെ രക്ഷിക്കാനുള്ള ദൗത്യത്തിലാണ് അമേരിക്കന്‍ സേന.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ ഐഎസ് ഭീകരർ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ മരിച്ച 169 പേരിൽ 13 പേർ അമേരിക്കൻ സൈസികരാണ്.
തിരിച്ചടിച്ച് അമേരിക്ക
13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ, സൈനികരെ തൊട്ടവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രതികരിച്ചിരുന്നു.
അതിനുശേഷം യു എസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഐഎസ് ഭീകരനെ വധിച്ചതായും യുഎസ് സൈന്യം പ്രതികരിച്ചിരുന്നു. കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ ശനിയാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഐസ് ഭീകരനെ യുഎസ് വധിച്ചത്.
മുന്നറിപ്പുമായി വൈറ്റ് ഹൗസ്
അഫ്‌ഗാനിസ്ഥാനിൽ രക്ഷാദൗത്യം അവസാനിപ്പിക്കാനും അമേരിക്കൻ ഉദ്യോഗസ്ഥരെ പിൻവലിക്കാനും പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ച സമയപരിധിക്ക് മുമ്പായി ഇനിയും യുഎസ് സൈന്യത്തിന് നേരെ തീവ്രവാദ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലെ രക്ഷാദൗത്യം "ഇന്നുവരെയുള്ള അമേരിക്കൻ സൈന്യത്തിന്‍റെ ഏറ്റവും അപകടകരമായ കാലഘട്ടമായിരിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചത്.
ജീവനും ജീവിതത്തിനും ആയി പലായനം
നല്ലൊരു ജീവിതം പ്രതീക്ഷിച്ച് കൈക്കുഞ്ഞുങ്ങളും കൈപ്പിടിയിലൊതുങ്ങുന്ന സാധനങ്ങളുമായി അമേരിക്ക, അൽബേനിയ, ബെൽജിയം തുടങ്ങിയ നാടുകളിലേക്ക് എത്തുന്ന അഫ്‌ഗാൻ ജനതയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സന്തോഷത്തിന്‍റെയും പ്രതീക്ഷയുടേയും പ്രതീകങ്ങളായി പ്രചരിക്കുന്നുണ്ട്.
അതേസമയം കാബൂളിൽ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കിടയിൽ തന്‍റെ പ്രിയപ്പെട്ടവരെ തേടുന്ന അഫ്‌ഗാന്‍ ജനത നൊമ്പരക്കാഴ്ചയുമാവുന്നു. 25 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Also read: തിരിച്ചടിച്ച് അമേരിക്ക ; കാബൂൾ സ്ഫോടനത്തിന്‍റെ സൂത്രധാരനെ കൊലപ്പെടുത്തി