കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന താബിലാന്‍ ഭീകരരെ മോചിപ്പിക്കുന്നത് ഇനിയും നീളുമെന്ന് വ്യക്തമാക്കി അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാര്‍. യുഎസ് -താലിബാന്‍ സമാധാന കരാറിന്‍റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന തടവുകാരുടെ മോചനമാണ് സര്‍ക്കാര്‍ നീട്ടിയത്. മാര്‍ച്ച് 25ന് സര്‍ക്കാരും താലിബാനും നടത്തിയ ചര്‍ച്ചയില്‍ തടവുകാരെ ചൊവ്വാഴ്‌ച മോചിപ്പിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ചൊവ്വാഴ്‌ച ഇവരെ മോചിപ്പിക്കില്ലെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജാവിദ് ഫൈസല്‍ വ്യക്കമാക്കി. മാര്‍ച്ച് 31ന് തടവുകാരെ മാറ്റി തുടങ്ങുന്നത് ആരംഭിക്കാമെന്ന് മാര്‍ച്ച് 25ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗവും ധാരണയില്‍ എത്തിയിരുന്നു.
സര്‍ക്കാരിന് നല്‍കിയ പട്ടികയിലുള്ള ആളുകളെ തിരിച്ചറിയുന്നതിനായി പ്രത്യേക സംഘത്തെ അയക്കുമെന്ന് ചര്‍ച്ചയില്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ താലിബാന്‍ ഇതുവരെ പാലിച്ചിട്ടില്ലെന്നും ജയില്‍ മോചിതർ യുദ്ധമുഖത്തേക്ക് തിരികെ വരില്ലെന്നുള്ള കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും അഫ്‌ഗാനിസ്ഥാന്‍ വ്യക്തമാക്കി. ഇത് തടവുകാരുടെ മോചനം നീളുന്നതിന് കാരണമാകുന്നതായും അഫ്‌ഗാനിസ്ഥാന്‍ അറിയിച്ചു. യുഎസ് താലിബാന്‍ സമാധാന ഉടമ്പടി പ്രകാരം 5000 കലാപകാരികളെയും 1000 തടവുകാരെയുമാണ് ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കാന്‍ ഒരുങ്ങിയത്.