കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ കാർ ബോംബ് ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 47 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ഏകദേശം 14 വീടുകളും തകർന്നിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. സംഭവത്തെ യുഎൻ അപലപിച്ചു.
മരിച്ചവരിൽ ഒരാളും പരിക്കേറ്റവരിൽ 11 പേരും അഫ്‌ഗാന്‍ സുരക്ഷാ സേനാംഗങ്ങളിൽപ്പെട്ടവരാണ്. ബാക്കിയുള്ളവരെല്ലാം തന്നെ സ്ത്രീകളും കുട്ടികളുമടക്കം സാധാരണക്കാരാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മാധ്യമങ്ങൾ, ആരോഗ്യ പ്രവർത്തകൾ, മാനുഷിക പ്രവർത്തകർ, പ്രമുഖ സ്ഥാനങ്ങളിലുള്ള സ്ത്രീകൾ, മനുഷ്യാവകാശ സംരക്ഷകർ, വംശീയ, മതന്യൂനപക്ഷങ്ങൾ എന്നിവരെയാണ് ഭീകരാക്രമണം ലക്ഷ്യമിട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ അട്ടിമറിക്കാൻ താലിബാനും അഫ്‌ഗാന്‍ സർക്കാരും പരസ്‌പരം കുറ്റപ്പെടുത്തുകയാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.