കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ഷീറിൽ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 600 ഓളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയിരത്തോളം താലിബാൻ ഭീകരരെ പഞ്ച്ഷീറിലെ വിവിധ ജില്ലകളിൽ നിന്ന് പിടികൂടിയതായും അഫ്‌ഗാൻ പ്രതിരോധ സേനയെ ഉദ്ധരിച്ച് സ്‌ഫുട്‌നിക് റിപ്പോർട്ട് ചെയ്തു.
Also read:'രാജ്യം വിട്ടിട്ടില്ല, പ്രതിരോധം തുടരും'; പഞ്ച്‌ഷീറിലെ താലിബാൻ മുന്നേറ്റത്തിൽ അമറുള്ള സാലിഹ്
അഫ്‌ഗാനിലെ മറ്റ് പ്രവിശ്യകളിൽ നിന്ന് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിൽ താലിബാൻ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് പ്രതിരോധ സേനാവക്താവ് ഫഹിം ദഷ്ടി ട്വീറ്റ് ചെയ്തു. അതേസമയം പഞ്ച്ഷീറിൽ പ്രതിരോധ സേനയ്ക്ക് എതിരെയുള്ള യുദ്ധം തുടരുകയാണെന്നും എന്നാൽ തലസ്ഥാനമായ ബസാറാക്കിലും ഗവർണറുടെ കോമ്പൗണ്ടിലും കുഴിബോംബുകൾ ഉള്ളതിനാൽ മുന്നേറ്റം മന്ദഗതിയിലായതായും താലിബാൻ വൃത്തങ്ങൾ അറിയിച്ചു.
അന്തരിച്ച മുൻ അഫ്‌ഗാൻ സേനാംഗം അഹമ്മദ് ഷാ മസൂദിന്‍റെ മകൻ അഹമ്മദ് മസൂദിന്‍റെയും മുൻ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹിന്‍റെം നേതൃത്വത്തിലുള്ള നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്‍റെ ശക്തികേന്ദ്രമാണ് പഞ്ച്ഷീർ.