ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും കൊടും കാറ്റിലും അഞ്ച് പേർ മരിച്ചു. സംഭവത്തെത്തുടർന്ന് ആറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴയിലും കാറ്റിലും പ്രദേശത്തെ എട്ടോളം വീടുകള്‍ നിലംപൊത്തിയിട്ടുണ്ടെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.
Also Read: ഇപ്രാവശ്യവും ഹജ്ജ് സൗദിയിലുള്ളവര്‍ക്ക് മാത്രം
ജില്ല ഭരണകൂടങ്ങൾക്ക് നേരത്തേ എല്ലാ മുന്നറിയിപ്പുകളും നൽകിയിരുന്നതായും ദുരന്തനിവാരണ സേന ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചിത്രാൽ ജില്ലയിലേക്കുള്ള റോഡിൽ മണ്ണിടിഞ്ഞു. ഇവിടേക്കുള്ള ഗതാഗതം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. എത്രയും വേഗം റോഡിലെ തടസം നീക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
Also Read: ചൊവ്വയിൽ നിന്നുള്ള സെൽഫിയും ചിത്രങ്ങളും പുറത്തുവിട്ട് ചൈനയുടെ ഷുറോങ് റോവർ
അതേസമയം, ഖൈബർ പഖ്‌തുൻഖ്വയിലും പാകിസ്ഥാനിലെ പഞ്ചാബിലും വരും ദിവസങ്ങളിലും കനത്ത മഴ ലഭിച്ചേക്കുമെന്ന് പാകിസ്ഥാൻ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. കനത്ത കാറ്റും മഴയും ഉണ്ടായേക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.