ടോക്കിയോ: ജപ്പാനിലെത്തിയ ഇറ്റാലിയന്‍ ക്രൂയിസ് കപ്പലിലെ 43 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 91 ആയി. തുറമുഖ നഗരമായ നാഗാസാക്കിയിലാണ് കപ്പല്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. കോസ്റ്റ അറ്റ്ലാന്‍റിക ക്രൂയിസ് കപ്പലിലെ ഒരു ജീവനക്കാരനാണ് ആദ്യം പനിയും ചുമയും വന്നതെന്ന് അധികൃതര്‍ പറയുന്നു. കപ്പലില്‍ 623 ജീവനക്കാര്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്‌ചക്കകം ബാക്കിയുള്ള ക്രൂ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ചവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ള ജീവനക്കാരോട് ക്വാറന്‍റൈയിനില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കപ്പലില്‍ കൊവിഡ് എങ്ങനെ എത്തിയെന്നുള്ള അന്വേഷണത്തിലാണ് ജപ്പാനീസ് അധികൃതര്‍. രോഗമില്ലാത്ത കപ്പലില്‍ ശേഷിക്കുന്നവരെ സ്വദേശമായ ഇറ്റലിയിലെത്തിക്കാനുള്ള ചര്‍ച്ചയിലാണ് ജപ്പാന്‍, ഇറ്റലി സര്‍ക്കാരുകള്‍. നാഗസാക്കിയിലുള്ള മറ്റ് ഇറ്റാലിയന്‍ ക്രൂയിസ് കപ്പലുകളായ കോസ്റ്റ സെറീന, കോസ്റ്റ നിയോ റോമാന്‍റിക്കയും ഉടന്‍ തുറമുഖം വിടാനുള്ള ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്.