നയ്‌പിത്ത്യോ: സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ അടുത്ത ആറ് മാസത്തിനുള്ളിൽ 3.4 ദശലക്ഷം ആളുകൾ പട്ടിണിയിലാകുമെന്ന് റിപ്പോർട്ട്. സൈനിക അട്ടിമറിക്ക് മുമ്പ് ഈ കണക്ക് 2.8 ദശലക്ഷമായിരുന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് ചെയ്‌തു. സൈനിക നടപടിക്ക് മുമ്പുള്ള കണക്കിന്‍റെ മൂന്നിരട്ടിയായാണ് പട്ടിണി വർധിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ കൊവിഡ് സാഹചര്യവും രാജ്യത്തുണ്ടായ സൈനിക അട്ടിമറിയുമാണ് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നഗരപ്രദേശങ്ങളിലാകും പട്ടിണി കൂടുതലായും ബാധിക്കുകയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവരിൽ ആളുകൾക്ക് ജോലി നഷ്‌ടപ്പെടുകയാണെന്നും ഇത്തരക്കാർക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ഡബ്ല്യുഎഫ്‌പി മ്യാൻമർ ഡയറക്ടർ സ്റ്റീഫൻ ആൻഡേഴ്സൺ അറിയിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അല്ലാത്ത പക്ഷം രാജ്യം മോശമായ അവസ്ഥയിലേക്ക് പോകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് സൈനിക അട്ടിമറിയെ തുടന്നുണ്ടായ പ്രതിഷേധങ്ങളിൽ ഇതുവരെ 739 പേർ കൊല്ലപ്പെട്ടു. അട്ടിമറിക്കെതിരായി പ്രതിഷേധങ്ങളിൽ പങ്കെടുത്ത 3,370 പേരെ കസ്റ്റഡിയിലെടുക്കുകയും 1,099 പേർക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്‌തിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ സൈന്യം സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. തുടർന്ന് രാജ്യത്ത് ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
Read more: മ്യാൻമാറിൽ സൈനിക നടപടി ശക്തമാക്കുന്നു; മരണസംഖ്യ 500 ആയി