ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. ഒരാളെ രക്ഷിച്ചതായും കാർബൺ മോണോക്സൈഡെന്ന വിഷവാതകം അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിയോടെ യോങ്‌ചുവാൻ ജില്ലയിലെ ഡയോഷുയിഡോംഗ് കൊളിയറിയിലാണ് അപകടം നടന്നത്. ഖനിയിലെ ഉപകരണങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെയാണ് 24 തൊഴിലാളികൾ അപകടത്തിൽ പെട്ടത്.
രണ്ട് മാസത്തോളമായി ഖനി പൂട്ടിക്കിടക്കുകയായിരുന്നെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.