ടെഹ്‌റാൻ: ഇറാനിൽ യുദ്ധക്കപ്പൽ അപകടത്തിൽ 19 നാവിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്. സൈനിക അഭ്യാസത്തിനിടെ കൊണാറക് എന്ന ഇറാനിയൻ കപ്പലിലാണ് അപകടമുണ്ടായത്. തെക്കൻ ഇറാനിലെ ജാസ്‌ക് തുറമുഖത്ത് വച്ച് കപ്പലിലേക്ക് മിസൈൽ തെറിച്ചുവീഴുകയായിരുന്നു. മിസൈലിന്‍റെ ലക്ഷ്യസ്ഥാനത്തോട് വളരെ ചേർന്നായിരുന്നു കപ്പൽ ഉണ്ടായിരുന്നത്.
അപകടമുണ്ടായ ഉടൻ തന്നെ പരിക്കേറ്റവരെ പുറത്തെത്തിച്ച് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി നാവിക സേന വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. യുഎസ്-ഇറാൻ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഇത്തരമൊരു അപകടം. ഈ വർഷം ജനുവരിയിൽ ഇറാനിയന്‍ ഉന്നത കമാന്‍ഡര്‍ ജനറല്‍ കാസെം സോളെമാനിയെ അമേരിക്ക വധിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്.