ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന് ശേഷം 15 കര്‍ഷകരെ കാണാനില്ല. പഞ്ചാബ് പ്രവിശ്യയില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ ആഴ്‌ച പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് ബാറ്റണുകളും, ജലപീരങ്കിയും കണ്ണീര്‍ വാതകവുമടക്കം പ്രയോഗിച്ചിരുന്നു.
250ഓളം കര്‍ഷകരെയാണ് മുള്‍ട്ടാന്‍ റോഡില്‍ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്‌തതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ കര്‍ഷകരെ അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചികില്‍സിക്കുകയും ചെയ്‌തതായി പാകിസ്ഥാന്‍ കിസാന്‍ ഇതിഹാദ് (പികെഐ) പ്രസിഡന്‍റ് മാല്‍ക് സുള്‍ഫിക്കര്‍ അവാന്‍ വ്യക്തമാക്കി. പ്രതിഷേധം വൈകാതെ തുടരുമെന്നും തങ്ങളുടെ അവകാശങ്ങള്‍ക്കായി അവസാനം വരെ പോരാടുമെന്ന് മാല്‍ക് സുള്‍ഫിക്കര്‍ അവാന്‍ കൂട്ടിച്ചേര്‍ത്തു.
ഗോതമ്പിന്‍റെ താങ്ങുവില 40 കിലോയ്‌ക്ക് 2000 രൂപയാക്കുകയെന്ന തങ്ങളുടെ ആവശ്യത്തെ സര്‍ക്കാരിന് വേണ്ടി ചര്‍ച്ചയാക്കായി വന്നവര്‍ യോജിച്ചിരുന്നുവെന്ന് പികെഐ ചെയര്‍മാന്‍ സിഎച്ച് മുഹമ്മദ് അന്‍വര്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയുമായും പ്രധാമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്‌ച നടത്താന്‍ മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് എന്തിനാണ് ഇത്ര ക്രൂരത കാട്ടിയതെന്ന് മനസിലാവുന്നില്ലെന്നും പികെഐ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് അതിക്രമത്തോട് കൂടി കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.