കാബൂൾ: അഫ്ഗാനിസ്ഥാനിലെ തെക്കൻ പ്രവിശ്യയായ ഹെൽമണ്ടിൽ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 11 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിൽ പ്രവിശ്യയിലെ നാദ് അലി, വാഷീർ, സാങ്കിൻ ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ തീവ്രവാദ സംഘം ആക്രമണം നടത്തിയതായും താലിബാനും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ സേനയിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം തെക്കുകിഴക്കൻ പ്രവിശ്യയായ ഖോസ്റ്റിലെ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ചീഫ് ശനിയാഴ്ച രാവിലെ ഖോസ്റ്റിലെ യാക്വി ജില്ലയിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സാസി മൈതാൻ പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ പ്രതികരിക്കാൻ ഖോസ്റ്റിലെ പ്രാദേശിക ഉദ്യോഗസ്ഥർ വിസമ്മതിച്ചെങ്കിലും ആക്രമണത്തിൽ ഡയറക്ടറുടെ രണ്ട് അംഗരക്ഷകർക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.