സാൻ ഫ്രാൻസിസ്കോ: ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അപ്പിനെ കുറിച്ച് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് ആശങ്ക ഉന്നയിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും യുഎസിന്‍റെ സാങ്കേതിക മേധാവിത്വത്തിന് ഭീഷണിയാണെന്നും സുക്കർബർഗ് വാദിച്ചു. കഴിഞ്ഞ ഒക്ടോബറിൽ, യുഎസ് പ്രസിഡന്‍റ് വൈറ്റ് ഹൗസിൽ ഫേസ്ബുക്ക് സിഇഒയുമായി നടത്തിയ സ്വകാര്യ അത്താഴവിരുന്നിൽ ചൈനീസ് ഇന്‍റർനെറ്റ് കമ്പനികൾക്കെതിരെ കേസ് എടുക്കണമെന്ന് സുക്കർബർഗ് ആവശ്യപ്പെട്ടിരുന്നു.
നിരവധി സെനറ്റർമാരുമായുള്ള കൂടിക്കാഴ്ചയിലും സമാനമായ വാദം അദ്ദേഹം ഉന്നയിച്ചിരുന്നു. തുടർന്ന് മറ്റ് അധികാരികളുമായി ആശങ്കകൾ പങ്കുവയ്ക്കുകയും സർക്കാർ ഒടുവിൽ കമ്പനിയുടെ ദേശീയ സുരക്ഷാ അവലോകനം ആരംഭിക്കുകയും ചെയ്തു. ഈ മാസമാദ്യം, ട്രംപ് ടിക് ടോക്കിനെതിരെ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ട്രംപ് ഒപ്പിട്ട ആദ്യത്തെ എക്സിക്യൂട്ടീവ് ഉത്തരവിനെ നിയമപരമായി വെല്ലുവിളിക്കാൻ ടിക് ടോക്ക് തയ്യാറാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 45 ദിവസത്തിനുശേഷം നിരോധിക്കേണ്ട ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കാനും എക്സിക്യൂട്ടീവ് ഉത്തരവ് വാണിജ്യ സെക്രട്ടറിക്ക് നിർദേശം നൽകി.
ഓഗസ്റ്റ് 14 ന് ട്രംപ് മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. 90 ദിവസത്തിനുള്ളിൽ യുഎസിലെ ടിക് ടോക്ക് ബിസിനസ്സ് വഴിതിരിച്ചുവിടാൻ ബൈറ്റ്ഡാൻസിന് അവസരം നൽകി കൊണ്ടായിരുന്നു അത്. യുഎസിൽ ടിക്ക് ടോക്ക് വാങ്ങാനുള്ള ഉദ്ദേശ്യം മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയതിന് ശേഷമാണ് ഉത്തരവ്. ട്വിറ്റർ, ഒറാക്കിൾ, ആൽഫബെറ്റ് എന്നിവയുൾപ്പെടെ ടെക് ഭീമന്മാരുടെ പേരുകൾ ടിക് ടോക്കിന്‍റെ യുഎസ് പ്രവർത്തനങ്ങൾ വാങ്ങാൻ തയ്യാറായിട്ടുള്ളവരുടെ പട്ടികയിലുണ്ട്.