വാഷിങ്‌ടണ്‍ : കനത്ത ചൂടില്‍ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ കാട്ടുതീ പടരുന്നു. അമേരിക്ക, റഷ്യ, സ്‌പെയിൻ എന്നീ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ ഹെക്‌ടർ കണക്കിന് വനമാണ് അഗ്നിക്കിരയായിരിക്കുന്നത്.
റഷ്യയിലും സൈബീരിയയിലും സ്ഥിതി രൂക്ഷം
പൊതുവെ തണുപ്പൻ രാജ്യങ്ങളായ റഷ്യയിലും സൈബീരിയയിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കാട്ടുതി ഇപ്പോഴും അണഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇത്തരമൊരു പ്രതിസന്ധി മേഖല നേരിട്ടിട്ടില്ല.
റഷ്യയിലെ ഷെല്യബിൻസിലും സൈബീരിയയിലും കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 240ഓളം അഗ്നിസേന അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഹെലികോപ്‌റ്ററില്‍ വെള്ളമെത്തിച്ച തീയണയ്‌ക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. മുൻകരുതലിന്‍റെ ഭാഗമായി വനമേഖലയോട് ചേർന്ന് കിടക്കുന്ന രണ്ട് ഗ്രാമങ്ങള്‍ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്.
വർഷങ്ങളായി മികച്ച കാലാവസ്ഥ രേഖപ്പെടുത്താറുള്ള മേഖലയിലാണ് ഇത്തവണ കനത്ത ചൂടും കാട്ടുതീയും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വളരെ വിരളമായി മാത്രം കനത്ത ചൂടുണ്ടാകാറുള്ള സൈബീരയൻ മേഖലയില്‍ കാട്ടുതീയുണ്ടാകുന്നത് ഏറെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
റഷ്യയിലെ തണുപ്പൻ മേഖലയായ യാക്കൂട്ടിയയില്‍ മുന്നൂറ് ഇടങ്ങളിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 50 ഡിഗ്രി സെന്‍റിഗ്രേഡില്‍ കൂടുതല്‍ ചൂടാണ് എതാനും ദിവസങ്ങളായി ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്.
സ്‌പെയിൻ
സ്‌പെയിനും സമാന സാഹചര്യമാണ്. വെള്ളിയാഴ്‌ച തുടങ്ങിയ കാട്ടുതീ 300 ഹെക്‌ടറോളം വനത്തെ ഇല്ലാതാക്കി. മലാഗാ പ്രോവിൻസിലെ ജുബ്രിക്യു പട്ടണത്തിന് സമീപത്തുള്ള വനപ്രദേശമാണ് വലിയ വെല്ലുവിളി നേരിടുന്നത്. 13 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവിടെയും കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. നൂറ് കണക്കിന് അഗ്‌നിശമനാ സേനാംഗങ്ങള്‍ മേഖലയിലുണ്ട്.
അമേരിക്ക
കടുത്ത താപനില നിലനിൽക്കുന്ന വടക്കൻ കാലിഫോർണിയയിലും കാട്ടുതീ പടർന്നു പിടിക്കുകയാണ്. നെവാഡ സംസ്ഥാനത്തിന്‍റെ അതിർത്തിക്കടുത്തുള്ള ബെക്ക്‌വർത്ത് മേഖലയിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്.
ഹെലികോപ്‌റ്ററുകളുടെ സഹായത്തോടെ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ ഇവിടെ രക്ഷാ പ്രവർത്തനം തുടരുകയാണ്. 10 ശതമാനം തീ മാത്രമെ ഇതുവരെ അണയ്‌ക്കാനായിട്ടുള്ളു.
മേഖലയിലുള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 520 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വന മേഖല പൂർണമായും അടിച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ചയോടെ 98 ചതുരശ്ര കിലോമീറ്ററിലധികം വനമേഖലയില്‍ തീ പടർന്നിട്ടുണ്ട്.
വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്‌തിരുന്ന നിരവധി വീടുകളും അഗ്നിക്കിരയായി. വരും ദിവസങ്ങളില്‍ തീരദേശ മേഖല ഒഴികെയുള്ളയിടങ്ങളില്‍ ചൂട് വർധിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.
ഡെത്ത് വാലിയിൽ താപനില 54 സെൽഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
also read : കാലിഫോര്‍ണിയയില്‍ കാട്ടുതീ അണക്കുന്നതിനിടെ ഹെലിക്കോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു