വാഷിങ്ടണ്‍: ശീതകാല ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പുതന്നെ യുക്രൈനിൽ റഷ്യൻ അധിനിവേശം ഉണ്ടായേക്കുമെന്ന് വൈറ്റ് ഹൗസ്. ഒരു പക്ഷേ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ അധിനിവേശം സംഭവിച്ചേക്കാമെന്നും യുക്രൈനിലുള്ള അമേരിക്കൻ പൗരൻമാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ നിർദേശപ്രകാരമാണോ റഷ്യ അധിനിവേശം നടത്തുന്നതെന്ന കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. എന്നാൽ വലിയൊരു സൈനിക ആക്രമണത്തിനായി റഷ്യ എല്ലാ രീതിയിലും തയ്യാറായിക്കഴിഞ്ഞുവെന്നും സള്ളിവർ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അപകട സാധ്യത വളരെ കൂടുതലാണ്. അതിനാൽ അമേരിക്കൻ പൗരൻമാർ എത്രയും പെട്ടന്ന് യുക്രൈൻ വിടണം. പുടിന്‍റെ നിർദേശപ്രകാരമാണിതെല്ലാം എന്ന് ഞങ്ങൾ പറയുന്നില്ല. എന്നാൽ ഞങ്ങളുടെ ഇന്‍റലിജൻസ് റിപ്പോർട്ടുകളും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും പരിശോധിക്കുമ്പോൾ ഏറെ ആശങ്കയുണ്ട്. സള്ളിവർ കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യ- യുക്രൈൻ സംഘർഷം ലഘൂകരിക്കാൻ ബ്രിട്ടണും ഇടപെട്ട് തുടങ്ങി. ഇതിനായി ബ്രിട്ടന്‍റെ പ്രതിരോധ സെക്രട്ടറി അടുത്ത ദിവസം തന്നെ മോസ്കോ സന്ദർശിക്കും.