വാഷിംഗ്ടൺ ഡി സി: അമേരിക്കൻ ഭരണകൂടം ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്മാറ്റത്തെക്കുറിച്ച് ഭരണകൂടം കോൺഗ്രസിനെ അറിയിച്ചതായി സെനറ്റ് വിദേശകാര്യ സമിതിയിലെ ഡെമോക്രാറ്റായ സെൻ റോബർട്ട് മെനെൻഡെസ് ട്വീറ്റ് ചെയ്തു. യുഎസ് പിൻമാറ്റം തിങ്കളാഴ്ച മുതൽ നിലവിലുണ്ടെന്നും അത് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി അറിയിച്ചതായും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
കൊവിഡ് മാഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയെ അമേരിക്കൻ പ്രസിഡന്‍റ് പലതവണ വിമർശിച്ചിരുന്നു. ലോകാരോഗ്യ സംഘടന അമേരിക്കൻ ജീവിതത്തെയോ താൽപ്പര്യങ്ങളെയോ സംരക്ഷിക്കില്ല. അമേരിക്കയെ രോഗിയും ഒറ്റപ്പെട്ടവനുമാക്കി പുറംന്തളളിയെന്നും സെൻ റോബർട്ട് മെനെൻഡെസ് ട്വീറ്റ് ചെയ്തു. ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ട്രംപ് മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.
പ്രതിവർഷം 40 ദശലക്ഷം യുഎസ് ഡോളർ മാത്രം ലോകാരോഗ്യ സംഘടനക്കക്ക് നൽകുന്ന ചൈനക്ക് സംഘടനക്കുമേൽ പൂർണ്ണ അധികാരമുണ്ട്. എന്നാൽ അമേരിക്ക പ്രതിവർഷം നൽകിയിരുന്നത് 450 ദശലക്ഷം യുഎസ് ഡോളർ ആയിരുന്നു. എന്നിട്ടും യുഎസിനന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാത്തത് കൊണ്ടാണ് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനക്ക് നൽകിയിരുന്ന തുക പൊതുജനാരോഗ്യ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന മറ്റ് സംഘടനകളിലേക്ക് നൽകുമെന്നും അദേഹം കൂട്ടിച്ചേർത്തു.