വെനസ്വേല: ബ്രസീൽ, അർജന്‍റീന, പരാഗ്വേ, കൊളംബിയ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് പിന്തുണ ഉറപ്പിക്കുകയാണ് സ്വയം പ്രഖ്യാപിത വെനസ്വേലന്‍ പ്രസിഡന്‍റ് യുവാൻ ഗെയ്ദോ. ഒടുവിലത്തെ സന്ദർശനം ഇക്വഡോറിലായിരുന്നു. ഇന്നോ നാളെയോ ഗെയ്ദോ വെനസ്വേലയിലേക്ക് മടങ്ങിയെത്തും. ഇതിന് ശേഷമായിരിക്കും ശക്തി പ്രകടനവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുക.
എന്നാൽ, വെനസ്വേലയിലേക്ക് മടങ്ങി വന്നാൽ മഡൂറോ സർക്കാർ ഗെയ്ദോയെ അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. അതേസമയം വെനസ്വേലന്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ബ്രസീലും കൊളംബിയയുമായുള്ള അതിര്‍ത്തി വെനസ്വേല അടച്ചതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്. വിലക്ക് അവഗണിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി പ്രക്ഷോഭകര്‍ ശ്രമിക്കുന്നതാണ് സംഘർഷങ്ങൾക്ക് കാരണം.
നേരത്തെ അമേരിക്ക നൽകിയ സഹായങ്ങൾ കൈപ്പറ്റാൻ ശ്രമിച്ചവർക്ക് നേരെ സൈനിക നടപടി ഉണ്ടായിരുന്നു. സഹായത്തിന്റെ മറവിൽ കയ്യേറ്റമാണ് യുഎസ് ലക്ഷ്യമെന്ന് വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ കുറ്റപ്പെടുത്തുന്നു. സഹായ വിതരണം സുഗമമാക്കാൻ വേണ്ടി യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. അതേസമയം, കൂടുതൽ ഗോതമ്പും മരുന്നും മറ്റ് അവശ്യസാധനങ്ങളും വെനസ്വേലയിലേക്ക് അയക്കുമെന്ന് റഷ്യ അറിയിച്ചു.