പലസ്തീനുമായി സഖ്യപ്രഖ്യാപനം നടത്തി ദശാബ്ദത്തിനിപ്പുറം ഇസ്രയേലുമായി ബന്ധം പുതുക്കാനാണ് വെനസ്വേലയുടെ പുതിയ ശ്രമം. വെനസ്വേലയുടെ സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്‍റ് ഹുവാൻ ഒയ്ദോയാണ് ഇസ്രയേലുമായി നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനായി മുന്‍കയ്യെടുക്കുന്നത്. ഇതിനായി ഇസ്രായേലിൽ വെനസ്വേല അംബാസിഡറെ നിയമിക്കുമെന്നും തിരിച്ച് ഇസ്രായേലും അംബാസിഡറെ നിയമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹുവാൻ ഒയ്ദോ പറഞ്ഞു. ടെൽ അവീവിലുള്ള തങ്ങളുടെ എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഒയ്ദോ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയിൽ ലക്ഷക്കണക്കിന് പേരുടെ പിന്തുണയോടെയാണ് ഹുവാൻ ഒയ്ദോ സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്‍റായി സ്ഥാനമേറ്റത്. ഒയ്ദോയെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. പ്രസിഡന്‍റായി നിക്കൊളാസ് മഡുറോ തുടരുന്നത് നിയമവിരുദ്ധമാണെന്നും സ്വാതന്ത്ര്യവും നിയമവാഴ്ചയും ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരേ വെനസ്വേലൻ ജനത ധൈര്യത്തോടെ പോരാടണമെന്നും ട്രംപ് പറഞ്ഞു.
ഒയ്ദോ അധികാരത്തിലേറിയതിന് ശേഷം നിരവധി രാജ്യങ്ങളാണ് സഹായവുമായി വെനസ്വേലയെ സമീപിച്ചത്. രാജ്യത്തെ ഭക്ഷ്യക്ഷാമം നേരിടാനും വൈദ്യരംഗത്തെ മെച്ചപ്പെടുത്താനും 20 മില്യൺ ഡോളർ അമേരിക്ക ധനസഹായം നൽകിയിരുന്നു. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്‍റായ ഒയ്ദോക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ചൈന, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ നിക്കൊളാസ് മഡുറോയെയാണ് പിന്തുണച്ചത്.