വാഷിങ്‌ടണ്‍: വിതരണത്തിന് ശേഷം മിച്ചമുണ്ടെങ്കിൽ കൊവിഡ് -19 വാക്‌സിന്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. 'വിതരണശേഷം ഞങ്ങൾക്ക് മിച്ചം വരികയാണെങ്കില്‍ ഞങ്ങൾ അത് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി പങ്കിടാൻ തീരുമാനിച്ചു. കോവാക്‌സുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ഇതിനകം തീരുമാനിച്ചു.
ലോകത്തെമ്പാടും വാക്‌സിന്‍ എത്തിക്കാനുള്ള ധനസഹായത്തിലേക്ക് നാല് ബില്യണ്‍ ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും' ബൈഡന്‍ വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. 'ഈ വൈറസിനെ ഒരു വലിയ മതില്‍ ഉപയോഗിച്ചോ വേലി ഉപയോഗിച്ചോ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കില്ല. അതിനാൽ ലോകം സുരക്ഷിതമാകുന്നതുവരെ നമ്മൾ ആത്യന്തികമായി സുരക്ഷിതരാകില്ല ബൈഡൻ പറഞ്ഞു. അതിനാൽ ഞങ്ങൾ ആദ്യം അമേരിക്കക്കാരെ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തുടങ്ങുകയാണ്... ഒപ്പം ഞങ്ങൾ ലോകത്തെ മറ്റ് രാജ്യങ്ങളെ സഹായിക്കാനും ശ്രമിക്കും ബൈഡൻ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിന്‍റെ ഒറ്റ ഡോസ് വാക്‌സിന് അമേരിക്ക അംഗീകാരം നല്‍കിയിരുന്നു. അമേരിക്കയില്‍ ഉപയോഗിക്കുന്ന ആദ്യ ഒറ്റ ഡോസ് വാക്‌സിൻ കൂടിയാണിത്. അമേരിക്കയുടെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍റെ അംഗീകാരവും ഈ വാക്‌സിന് ലഭിച്ചിട്ടുണ്ട്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ജോൺസൺ ആന്‍റ് ജോൺസൺ വാക്‌സിൻ ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ മികച്ച ഫലം തരുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ജോൺസൺ ആന്‍റ് ജോൺസൺ വാക്‌സിൻ ഉൾപ്പെടെ മൂന്ന് വാക്‌സിനുകളുടെ ഉപയോഗത്തിനാണ് ഇതുവരെ അമേരിക്കയിൽ അനുമതി ലഭിച്ചിരിക്കുന്നത്.
വ്യാഴാഴ്ച താൻ അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും കഴിഞ്ഞ വർഷം ഒരു രാജ്യമെന്ന നിലയിൽ അമേരിക്ക എന്തായിരുന്നുവെന്നും അതിലും പ്രധാനമായി, അടുത്തതായി ഇനി രാജ്യത്ത് തുടക്കം കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും കൊവിഡ് പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടം താന്‍ ആരംഭിക്കുകയും അത് എന്താണെന്ന് അമേരിക്കൻ ജനതയോട് വിശദീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. എല്ലാ തുരങ്കത്തിന്‍റ അവസാനവും ഒരു പ്രകാശപൂരിതമായ ഇടമുണ്ടെന്നും ഒരുമിച്ച് ഈ മഹാമാരിയിലൂടെ കടന്നുപോകാനും ആരോഗ്യകരവും കൂടുതൽ പ്രതീക്ഷ നൽകുന്നതുമായ ഭാവിയിലേക്ക് അമേരിക്കന്‍ ജനതയെ നയിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
വാക്‌സിന്‍ കണ്ടുപിടിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്ന് ശ്രമിക്കുകയാണ് വേണ്ടതെന്നും ആരും ആരുടെയും എതിരാളിയല്ലെന്നും ലോകത്തെമ്പാടുമുള്ള എല്ലാ മനുഷ്യര്‍ക്കും കൂടി ഒരു എതിരാളിയെ ഉള്ളൂ അത് കൊവിഡ് എന്ന വൈറസാണെന്ന് കഴിഞ്ഞ വര്‍ഷം ഞങ്ങളടങ്ങുന്ന ശാസ്ത്രലോകം തിരിച്ചറിഞ്ഞുവെന്ന് ജോണ്‍സണ്‍ ആന്‍റ് ജോണ്കസണ്‍ ചെയര്‍മാന്‍ അലക്‌സ് ഗോർസ്‌കി പറഞ്ഞു.