വാഷിങ്ടണ്‍: കൊവിഡിനെതിരെ പോരാടുന്നതിനായുള്ള ആഗോള വാക്സിൻ പങ്കിടൽ ശ്രമത്തിൽ ജോൺസൺ & ജോൺസൺ, ഫൈസർ, മൊഡേണ എന്നിവ കമ്പനികളുമായി സഹകരിക്കാൻ ഒരുങ്ങി അമേരിക്ക. വൈറ്റ് ഹൗസ് കൊവിഡ് പ്രതികരണ കോർഡിനേറ്റർ ജെഫ് സിയന്‍റ്സ് ആണ് ഇക്കാര്യം അറിയിച്ചത്. മഹാമാരി ബാധിച്ച ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ആഗോളതലത്തിൽ 25 ദശലക്ഷം കൊവിഡ് വാക്സിനുകൾ അനുവദിക്കാനുള്ള ഒരുക്കത്തിലാണ് യുഎസ്.
Read Also…..യുഎസ് ഭരണകൂടത്തിന് നന്ദിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ഇന്ത്യക്ക് വാക്സിന്‍ കൈമാറും
യുഎസ് ഇന്ത്യയ്ക്ക് കൊവിഡ് വാക്സിൻ കൈമാറും. ആഗോളതലത്തിൽ 25 മില്യൺ ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യക്ക് വാക്സിൻ നൽകുന്നത്. യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. മോദിക്ക് പുറമെ വിവിധ രാഷ്ട്ര തലവന്മാരെയും കമല ഹാരിസ് ഫോൺ ചെയ്തു. അമേരിക്ക നേരത്തെ പ്രഖ്യാപിച്ച വാക്സിൻ പങ്കിടൽ പദ്ധതിയുടെ ഭാഗമായാണിത്.
ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ്
ജൂൺ അവസാനത്തോടെ 80 മില്യൺ ഡോസ് കൊവിഡ് വാക്സിൻ വിവിധ രാജ്യങ്ങൾക്ക് വിതരണം ചെയ്യാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യപടിയെന്നോണമാണ് 25 മില്യൺ ഡോസ് കൊവിഡ് വാക്സിൻ ആഗോള തലത്തിൽ വിതരണം ചെയ്യുക. നരേന്ദ്ര മോദിക്ക് പുറമേ മെക്സിക്കോ പ്രസിഡന്‍റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്‍റ് അലജാൻഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരെയും കമല ഹാരിസ് നേരിട്ട് വിളിച്ച് വാക്സിൻ നൽകുമെന്ന് അറിയിച്ചു.
ആദ്യഘട്ടത്തിൽ വാക്സിന്‍ ലഭിക്കുന്ന രാജ്യങ്ങള്‍
മെക്സിക്കോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ, വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസോവോ, ഹെയ്തി, ജോര്‍ജ്ജിയ, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും യുഎന്നിലെ മുൻനിര പോരാളികൾക്കുമാണ് അമേരിക്ക കൊവിഡ് വാക്സിൻ വിതരണം ചെയ്യുക. ആദ്യഘട്ടത്തിലെ 25 മില്യൺ ജോസിൽ 7 മില്യൺ ഡോസ് വാക്സിൻ ഏഷ്യയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 5 മില്യൺ ഡോസ് ആഫ്രിക്കയിലേക്ക് പോകും.
നന്ദി പറഞ്ഞ് നരേന്ദ്ര മോദി
അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായുള്ള ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇന്ത്യയ്ക്ക് വാക്സിൻ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.