വാഷിംഗ്ടൺ: നിയമ വിരുദ്ധമായി കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി അമേരിക്ക. ഇവരിൽ ഭൂരിഭാഗവും മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിച്ചവരാണ്. ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.
അമേരിക്കയിലെ 95 ജയിലുകളിലായി കഴിയുന്ന 1739 ഇന്ത്യൻ പൗരന്മാരിൽ നിന്നാണ് 161 പേരെ ഇപ്പോൾ തിരിച്ചയക്കുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ (എന്‍എപിഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നം സിങ് ചഹല്‍ പറഞ്ഞു. യുഎസ് ജയിലുകളിൽ കഴിയുന്ന മറ്റ് ഇന്ത്യക്കാരുടെ വിധി ഇപ്പോഴും വ്യക്തമല്ലെന്നും ഇവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണെന്നും സത്‌നം സിങ് ചഹല്‍ അറിയിച്ചു.
2018 ൽ 611 ഇന്ത്യൻ പൗരന്മാരാണ് അമേരിക്കയിലേക്ക് നിയമ വിരുദ്ധമായി എത്തിയതെങ്കിൽ 2019 ആയപ്പോഴേക്കും ഇത് 1,616 ആയി ഉയർന്നെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇപ്പോൾ ഇന്ത്യയിലേക്ക് നാടുകടത്തുന്ന 161 പേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ഹരിയാനയില്‍ നിന്നും വന്ന 19 വയസുള്ള രണ്ടു പേരാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞവർ. സ്വന്തം രാജ്യത്ത് നിന്ന് പീഡനങ്ങളും ആക്രമങ്ങളും അനുഭവിക്കുന്നതിനാലാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്നാണ് ഇവരിൽ പലരും പറയുന്നത്.
യുവാക്കളെ അമേരിക്കയിലേക്കെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തുന്ന വലിയൊരു സംഘം തന്നെ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് പഞ്ചാബില്‍ ഉണ്ടെന്ന് സത്‌നം സിങ് ചഹല്‍ പറഞ്ഞു. ഏജന്റുമാര്‍ക്ക് 35-50 ലക്ഷം വരെ കൊടുത്തിട്ടാണ് പലരും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ഏജന്റുമാർക്കെതിരെ നടപടിയെടുക്കണമെന്ന് ചഹാൽ പഞ്ചാബ് സർക്കാരിനോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടു.