വാഷിങ്‌ടണ്‍: കൊവിഡ് പോരാട്ടം തുടരുന്നതിനിടയില്‍ കഫ് ഡ്രോപ്പ് പരീക്ഷണവുമായി അമേരിക്കന്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ ആഗോളതലത്തില്‍ നല്‍കി തുടങ്ങുന്നതോടെ സാമൂഹ്യ അകലം പാലിക്കുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ശാസ്‌ത്രജ്ഞര്‍ കരുതുന്നു. സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ശാസ്‌ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുക്കുന്ന കഫ് ഡ്രോപ്പുകള്‍ വായിലിടുന്നതോടെ ഉമിനീരിന്‍റെ കട്ടി കൂടുന്നു. കൂടാതെ കഫ് ഡ്രോപ്പിന്‍റെ അംശം നാവിന്‍റെ ഉപരിതലത്തിലുണ്ടാവുകയും ചെയ്യും. കൊവിഡ് പടരുന്നത് തടയാന്‍ ഇത് സഹായകരമാവുമെന്നാണ് കരുതുന്നത്.
ഉമിനീര്‍ കട്ടിയാകുന്നതോടെ ആളുകള്‍ ചുമക്കുമ്പോഴോ മറ്റോ വലിയ തോതില്‍ ഉമിനീര്‍ പുറത്തുവരാതിരിക്കുവാന്‍ ഇത് സഹായിക്കുന്നു. പ്രാഥമിക തലത്തില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ പുറത്ത് പോകുന്നതിന് മുന്‍പ് മരുന്ന് കഴിച്ച് ഇറങ്ങുകയാണെങ്കില്‍ സാമൂഹിക അകലം രണ്ട് മീറ്റര്‍ വരെ മതിയാകും. ഹൈ സ്‌പീഡ് ക്യാമറകളും കഫ് ഡ്രോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പുറത്തുവരുന്ന ഉമിനീരിന്‍റെ വ്യാപനം കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.