വാഷിംഗ്‌ടൺ: ജോൺസൺ ആൻഡ് ജോൺസന്‍റെ(ജെ ആൻഡ് ജെ) വാക്‌സിന്‍ ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ യുഎസ് തീരുമാനം. വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള അന്വേഷണ റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് തീരുമാനം. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്‌ഡിഎ) സംയുക്തമായാണ് വാക്‌സിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്.
ജെ ആൻഡ് ജെ വാക്‌സിൻ സ്വീകരിച്ച ശേഷം ആറു സ്‌ത്രീകളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്‌തതിനെ സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് ഇരു സ്ഥാപനങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസിൽ 6.8 ദശലക്ഷത്തിലധികം ജെ ആൻഡ് ജെ വാക്‌സിനുകൾ കുത്തിവെയ്‌പ്പിനായി ഉപയോഗിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തുന്നതിനായി ബുധനാഴ്‌ച സിഡിസി പ്രത്യേക സമിതി യോഗം ചേരും. വിശദമായ അന്വേഷണം പൂർത്തിയാകും വരെ ജെ ആൻഡ് ജെ വാക്‌സിനുകൾ നൽകുന്നത് നിർത്തിവെക്കണമെന്ന് സിഡിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആനി ഷുചറ്റും എഫ്‌ഡിഎ ഡയറക്ടർ ഡോ. പീറ്റർ മാർക്‌സും സംയുക്തമായി ആവശ്യപ്പെട്ടു.