വാഷിംഗ്‌ടണ്‍: കൊവിഡ് 19 കേസുകളില്‍ ചൈനയെ കടത്തിവെട്ടി യു.എസ്. 85377 പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍ 81782 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായി കണ്ടെത്തിയത്. 38000 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 281 പേര്‍ മരിച്ചു. എങ്കിലും കൊവിഡ് 19 മരണനിരക്കില്‍ ചൈനയേക്കാള്‍ പിന്നിലാണ് അമേരിക്ക. 1295 പേരാണ് അമേരിക്കയില്‍ കൊവിഡ് മൂലം മരിച്ചത്. ചൈനയില്‍ 3292 പേരും. മഹാമാരി പിടിമുറുക്കിയതോടെ യു.എസിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാറുകളും റെസ്റ്റോറന്‍റുകളും അടച്ചു.
ഇതുവരെ 3,70,000 കൊവിഡ് പരിശോധനകള്‍ യു.എസില്‍ നടത്തി. ഇതില്‍ 2,20,000 കേസുകള്‍ പരിശോധനയ്‌ക്കയച്ചത് കഴിഞ്ഞ ഒരാഴ്‌ചക്കിടെയാണ്. മറ്റു രാജ്യങ്ങള്‍ എട്ട് ആഴ്‌ചകളിലായി പരിശോധന നടത്തിയപ്പോള്‍ യു.എസ് എട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും പേരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചതെന്ന് വൈറ്റ് ഹൗസിലെ കൊവിഡ് 19 റെസ്‌പോണ്‍സ് കോഡിനേറ്റര്‍ അവകാശപ്പെടുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ് സെനറ്റ് അംഗങ്ങളും പ്രസിഡന്‍റ് ട്രംപ് അഡ്‌മിനിസ്ട്രേഷന്‍ വിഭാഗവും രണ്ട് ട്രില്യൺ യു.എസ് ഡോളർ പാക്കേജ് സംബന്ധിച്ച് ബുധനാഴ്‌ച ധാരണയിലെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകമാനം 20,000ത്തിലധികം പേരാണ് കൊവിഡ് മൂലം മരിച്ചത്. വ്യാഴാഴ്‌ച വരെ 4,62684 കേസുകളാണ് സ്ഥിരീകരിച്ചത്. 199 രാജ്യങ്ങളിലും ഈ മഹാമാരി പടര്‍ന്നു പിടിച്ചു കഴിഞ്ഞു.