വാഷിങ്ടണ്‍ : ചൈനയുമായുള്ള ഭാഗികവും ഒപ്പിടാത്തതുമായ വ്യാപാര കരാര്‍ നേട്ടമെന്ന് യുഎസ്പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ് കർഷകർ ഇതുവരെ നേടിയ ഏറ്റവും മികച്ച ഇടപാടാണിതെന്നും അദ്ദേഹം പറഞ്ഞു. 18 മാസത്തെ വ്യാപാരയുദ്ധത്തിന് ശേഷമുള്ള ആദ്യ കരാറായിരുന്നു ഇത്. കരാര്‍ പ്രകാരം യുഎസ് കാർഷികോൽപ്പന്നങ്ങൾ ചൈന കൂടുതല്‍ വാങ്ങിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ബൗദ്ധിക സ്വത്തവകാശം, ധനകാര്യ സേവനങ്ങൾ, കറൻസികൾ എന്നിവയും കരാറില്‍ ഉൾക്കൊള്ളുന്നതായാണ് വിവരം.
കരാറിന് ശേഷം യുഎസ് ചരക്കുകളുടെ ഇറക്കുമതി പ്രതിവർഷം 40-50 ബില്യൺ ഡോളറായി ഉയർത്താൻ ചൈന ആവശ്യപ്പെട്ടെന്നും ട്രംപ് സൂചിപ്പിച്ചു. ഇത് 2017 ലെതിനേക്കാൾ ഇരട്ടിയാണ്. കരാറിന്‍റെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് മേല്‍ ചുമത്താനിരുന്ന വൻ നികുതി വര്‍ധനവ് തത്ക്കാലം തടഞ്ഞുവയ്ക്കാനും അമേരിക്ക തീരുമാനിച്ചു. ട്വീറ്റില്‍ ചൈനയ്ക്ക് നന്ദി പറയാനും ട്രംപ് മറന്നില്ല. 'ചൈനയുമായി ഞാൻ ഇപ്പോൾ നടത്തിയ കരാർ, നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തില്‍ കർഷകർക്കായി ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വലിയ ഇടപാടാണെന്നും ട്രംപ് പറഞ്ഞു.