വാഷിങ്ടണ്‍: സിറിയയിലെ തര്‍ക്കപ്രദേശമായ ഇദ്‌ലിബില്‍ സിറിയയും സഖ്യകക്ഷിയായ റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണെന്ന് അമേരിക്ക. ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ ഇടപെടല്‍. സിറിയയുടെ ആക്രമണത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ തുര്‍ക്കി തിരിച്ചടി നല്‍കാന്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ മേഖല വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. നാറ്റോയുടെ ഭാഗമായ തുര്‍ക്കിയുടെ സഖ്യകക്ഷിയാണ് അമേരിക്ക.
തങ്ങള്‍ക്കൊപ്പം നാറ്റോയില്‍ അംഗമായ തുര്‍ക്കിയെ ഞങ്ങള്‍ പിന്തുണയ്‌ക്കുന്നു, തുര്‍ക്കിക്ക് എല്ലാവിധ സഹായങ്ങളും ഞങ്ങള്‍ നല്‍കും. മേഖലയിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് റഷ്യയയോടും, സിറിയയോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. - അമേരിക്കന്‍ ആഭ്യന്തവകുപ്പ് വക്താവ് പറഞ്ഞു. തുര്‍ക്കി സൈനികരുടെ പിന്തുണയോടെ സിറിയയിലെ വിമതസംഘം ഇദ്‌ലിബ് എന്ന പ്രദേശം കൈയ്യടക്കിയിരുന്നു. വിമതരുടെ കീഴിലുള്ള ഏക പ്രദേശമാണ് ഇദ്‌ലിബ്. റഷ്യയുടെ പിന്തുണയോടെ ഇദ്‌ലിബ് തിരിച്ചുപിടിക്കാനാണ് സിറിയന്‍ സൈന്യം ശ്രമിക്കുന്നത്.