വാഷിങ്‌ടൺ: കാബൂൾ വിമാനത്താവളത്തിന് സമീപത്തും ബാരൺ ഹോട്ടലിലുമുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ 7,500 പേരെ കൂടി വ്യാഴാഴ്‌ച അഫ്‌ഗാനിൽ നിന്നും ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 14 യുഎസ് സൈനിക വിമാനങ്ങളിലായി 5,100 പേരെയും 39 സഖ്യ വിമാനങ്ങളിലായി 2,400 പേരെയുമാണ് എത്തിച്ചത്. ആഗസ്റ്റ് 14 മുതൽ ഏകദേശം 100,100 പേരെ ഒഴിപ്പിക്കാൻ സഹായിച്ചുവെന്നും യുഎസ് അവകാശപ്പെടുന്നു.
വ്യാഴാഴ്‌ച നടന്ന ചാവേറാക്രമണത്തിൽ 13 യുഎസ് സൈനികരും 60 അഫ്‌ഗാൻ പൗരന്മാരും കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യ ആക്രമണം വിമാനത്താവളത്തിന്‍റെ പ്രധാന കവാടമായ ആബെ ഗേറ്റിന് മുന്നിലും രണ്ടാമത്തേത് ബാരൺ ഹോട്ടലിന് മുന്നിലുമായിരുന്നു. ആക്രമണത്തിൽ ഇരയായവർക്കുള്ള ആദരസൂചകമായി ഓഗസ്റ്റ് 30ന് വൈകുന്നേരം വരെ യുഎസ് പതാക താഴ്‌ത്തി കെട്ടുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി അറിയിച്ചു.
ALSO READ: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം
അതേസമയം ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആണെന്ന് വിശ്വസിക്കാൻ അമേരിക്കയ്‌ക്ക് തക്കതായ കാരണമുണ്ടെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. താലിബാൻ അഫ്‌ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ ജയിൽമോചിതരായ ഐഎസ് നേതാക്കൾ യുഎസ് സേനയ്‌ക്കും മറ്റുള്ളവർക്കുമെതിരെ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായുള്ള വിവരങ്ങൾ ലഭിച്ചതായും ബൈഡൻ വ്യക്തമാക്കി.