ചൊവ്വയിലെ അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവ് അപ്രതീക്ഷിതമായി വർധിക്കുന്നതും കുറയുന്നതും ശാസ്ത്രജ്ഞർക്ക് പ്രഹേളികയായി മാറുന്നു.എന്തുകൊണ്ടാണ് ചൊവ്വയിലെ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ മാറ്റം സംഭവിക്കുന്നത് എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞർ.
വസന്തകാലത്തും വേനല്‍ക്കാലത്തും ചൊവ്വയിലെ ഓക്സിജന്‍റെ അളവ് 30 ശതമാനം വർധിക്കുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ശരത്കാലത്ത് ഓക്സിജന്‍റെ അളവ് കുറയുന്നു. നാസയുടെ ക്യൂരിയോസിറ്റി റോവറാണ് ചൊവ്വയുടെ ഗേല്‍ ക്രേറ്ററില്‍ വാതകത്തിന്‍റെ വ്യത്യാസം അളന്നത്. ചൊവ്വയിലെ അന്തരീക്ഷത്തില്‍ 95 ശതമാനം കാർബണ്‍ഡൈഓക്സൈഡും 2.6 ശതമാനം നൈട്രജന്‍ കണികകളും 1.9 ശതമാനം ആർഗണും 0.16 ശതമാനം ഓക്സിജന്‍ കണികകളും 0.06 ശതമാനം കാർബണ്‍ മോണോക്സൈഡും ഉള്ളതായി കണ്ടെത്തി.എന്നാല്‍ ഇതില്‍ ഓക്സിജന്‍റെ അളവില്‍ മാത്രമാണ് ക്രമാതീതമായ മാറ്റമുണ്ടാകുന്നത്.
അന്തരീക്ഷത്തിലെ കാർബണ്‍ഡൈഓക്സൈഡോ ജലകണികളോ വിഘടിക്കുന്നതാവാം പെട്ടന്ന് ഓക്സിജന്‍ അളവില്‍ വ്യതിയാനം വരുത്തുന്നത് എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.മാത്രമല്ല സോളാര്‍ റേഡിയേഷന്‍ കാരണം ഓക്സിജന്‍ തന്‍മാത്രകള്‍ വിഘടിക്കുന്നതും ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഓക്സിജന്‍റെ അളവ് കൂടുന്നതിന് കാരണമാകാം എന്നും കരുതുന്നുണ്ട്. എന്നാല്‍ ഓക്സിജന്‍റെ അളവ് കുറയുന്നതിന് ഈ വിശകലനം സാധ്യമല്ല. കാരണം മേല്‍പ്പറഞ്ഞ രീതിയിലുണ്ടാകുന്ന ഓക്സിജന്‍ അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടണമെങ്കില്‍ പത്ത് വർഷമെങ്കിലും എടുക്കും. അതുകൊണ്ട് തന്നെ പെട്ടെന്ന് അളവ് കുറയുന്നതിനെ ഈ നിരീക്ഷണങ്ങള്‍ കൊണ്ട് വിലയിരുത്താന്‍ സാധിക്കില്ല.
ചൊവ്വയുടെ ഗേല്‍ ക്രേറ്ററില്‍ മീഥേന്‍ വാതകത്തിന്‍റെ അളവും ഇത്തരത്തില്‍ വ്യത്യാസപ്പെടുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഓക്സിജനും മിഥേനും ജൈവശ്ത്രപരമായ പ്രവർത്തനം കൊണ്ടും ജീവനില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം കൊണ്ടും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ചൊവ്വയില്‍ ജൈവശാസ്ത്രപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.