ചോദ്യം: അമേരിക്കന്‍ ഐക്യനാടുകള്‍ നിലവില്‍ എത്രത്തോളം ഐക്യപ്പെട്ടാണിരിക്കുന്നത്?
യു എസ് അങ്ങേയറ്റം വിഭജിക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ വോട്ടര്‍മാരേയും രാഷ്ട്രീയക്കാരേയും ഇരു ചേരികളിലാക്കുന്ന അഗാധമായ വിടവാണ് ഉണ്ടായിരിക്കുന്നത്. വിശാലമായ സാമൂഹിക സാമ്പത്തിക, സാംസ്‌കാരിക താത്വിക വിഭജനങ്ങള്‍ക്ക് മേല്‍ പക്ഷപാത വിഭജനം മൂടി നില്‍ക്കുകയാണ്.
വിദ്യാസമ്പന്നരും വെള്ളക്കോളര്‍ ജീവനക്കാരുമായ ഡെമോക്രാറ്റുകള്‍ അസമത്വവും, പരിസ്ഥിതി സംരക്ഷണവും വര്‍ഗ വിവേചനവും അന്താരാഷ്ട്ര സഹായവും പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സജീവമായ പങ്കുവഹിക്കണമെന്ന് വിശ്വസിക്കുന്നവരാണ്. ഒട്ടേറെ പേര്‍ സ്വത്വ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കുന്നു. മതേതരരും വ്യത്യസ്‌ത ജീവിത ശൈലികളെ സഹിഷ്ണുതയോടെ കാണുന്നവരും തോക്ക് നിയന്ത്രണത്തെ പിന്തുണയ്ക്കുന്നവരും ദേശീയ പൊതു റേഡിയോ കേള്‍ക്കുന്നവരുമൊക്കെയാണ് അവര്‍. അവരില്‍ മിക്കവര്‍ക്കും കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയം മനസിലാകും. നിയമ വാഴ്ചയില്‍ വിശ്വസിക്കുന്നവരാണ് അവര്‍. രാഷ്ട്രീയ പ്രക്രിയകള്‍ക്കും ഭരണഘടനക്കും മൂല്യം കല്‍പ്പിക്കുന്നവരുമാണ് അവര്‍.
എന്നാല്‍ പരമ്പരാഗത റിപ്പബ്ലിക്കന്മാര്‍ സ്വതന്ത്ര വിപണികളിലും അതിശക്തമായ പ്രതിരോധത്തിലും യാഥാസ്ഥിതിക മൂല്യങ്ങളിലും വിശ്വസിക്കുന്നവരാണ്. അവരില്‍ ചിലര്‍ ബിസിനസ് ഉടമകളും സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലുള്ളവരും അതി സമ്പന്നരുമൊക്കെയാണ്. അവരും രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. നിയമ വാഴ്ചയില്‍ വിശ്വസിക്കുന്നവരാണ്. രാഷ്ട്രീയ പ്രക്രിയകളിലും ഭരണഘടനയിലും മൂല്യം കാണുന്നവരുമാണ്. എന്നാല്‍ ട്രംപ് അനുകൂലികളായ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ കൂടുതലും വിദ്യാഭ്യാസമില്ലാത്ത ചെറുകിട തൊഴിലുകള്‍ ചെയ്‌ത് ജീവിക്കുന്നവരുമാണ്. അവരില്‍ നിരവധി പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരോ, തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരോ ആണ്. ഭാവിയെ കുറിച്ചുള്ള ഭീതിയും അവരെ ഗ്രസിച്ചിട്ടുണ്ട്. അവരില്‍ മിക്കവര്‍ക്കും സര്‍ക്കാരിന്‍റെ പരിമിത നിയന്ത്രണമേ ഇഷ്ടമുള്ളൂ. അല്ലെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധരാണെന്ന് തന്നെ പറയാം. സര്‍ക്കാരിന്‍റെ സുരക്ഷാ പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരാണെങ്കിലും അതാണ് സ്ഥിതി.
അവരില്‍ മിക്കവരും 20ആം നൂറ്റാണ്ടിന്‍റെ മധ്യ കാലഘട്ടത്തിലേക്ക് ക്ലോക്ക് തിരിച്ച് വെക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. അതാണവരെ സംബന്ധിച്ചിടത്തോളം അവരുടെ കാലഘട്ടം. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അസഹിഷ്ണുക്കളാണ്. തോക്ക് കൈയ്യിലുള്ളവരും വലതുപക്ഷ റേഡിയോകള്‍ കേള്‍ക്കുന്നവരുമാണ്. ഡൊണാള്‍ഡ് ട്രംപ് എന്തു പറയുന്നുവോ അതിനനുസരിച്ച് താളം തുള്ളുന്നവരാണ് ട്രംപ് റിപ്പബ്ലിക്കന്മാര്‍. നിയമങ്ങളും നിബന്ധനകളും ഭരണഘടനയുമൊക്കെ അനുസരിക്കേണ്ട ഒരു കാര്യമാണ് രാഷ്ട്രീയം എന്ന് അവര്‍ക്ക് മനസിലാവുകയില്ല. വിട്ടുവീഴ്ചയേക്കാള്‍ കൂടുതല്‍ തങ്ങളുടേതായ കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ ചെയ്യുന്നതില്‍ വിശ്വസിക്കുന്നവരാണ് അവര്‍. അവരെ എളുപ്പം മുതലെടുക്കാന്‍ കഴിയും. യാഥാസ്ഥിതികര്‍ ധാരാളമായുള്ള ഓരോ മേഖലയിലും പാര്‍ട്ടി പ്രാഥമിക വിജയം നേടുന്നതിനുള്ള പിന്തുണ തേടി കൊണ്ട് ട്രംപ് റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ ഇറങ്ങി നടക്കുന്നുണ്ടാകും.
തീര്‍ത്തും വ്യത്യസ്തമായ രണ്ട് കുമിളകളിലാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ജീവിക്കുന്നത്. അവര്‍ വ്യത്യസ്‌തമായ അയല്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നു. വ്യത്യസ്‌തമായ സ്‌കൂളുകളില്‍ പോകുന്നു. വ്യത്യസ്‌തമായ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുകയും വാര്‍ത്തകളും വിനോദങ്ങള്‍ക്കുമായി വ്യത്യസ്‌തമായ ഇടങ്ങളിലേക്ക് നോക്കുകയും ചെയ്യുന്നു.
ചോദ്യം: യുഎസ്‌എയിലെ നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? രാഷ്ട്രീയ പാര്‍ട്ടികള്‍ തുല്യ ഉത്തരവാദികളാണോ അതിന്? അല്ലെങ്കില്‍ ട്രംപ് ഭരണകൂടത്തെ മാത്രം അതിന്‍റെ ഉത്തരവാദികളായി കാണാന്‍ കഴിയുമോ?
ഏറെ കാലമായി വേരുറച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗീയതയാണ് ഇത്. രാഷ്ട്രീയ നിബന്ധനകളേയും പ്രക്രിയകളേയും ആക്രമിക്കുകയും അവഗണിക്കുകയും ചെയ്‌ത ന്യൂട്ട് ഗിന്‍ഗ്രിച്ചും അദ്ദേഹത്തെ പോലുള്ള റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരുമാണ് ഈ വിഭാഗീയതയെ ആളിക്കത്തിക്കുന്നത്. പ്രചാരണത്തിലും ഭരണത്തിലും ഒരുപോലെ ട്രംപ് കാഴ്‌ച വെച്ച വിഭജിച്ച് പിടിച്ചെടുക്കുക എന്നുള്ള സമീപനം സ്ഥിതിഗതികള്‍ വഷളാക്കുകയും അത് ക്യാപിറ്റോളില്‍ അതിക്രമിച്ച് കയറി കലാപം അഴിച്ചുവിടുന്നതിലേക്കും നയിച്ചു. കോണ്‍ഗ്രസ്സിലെ ഏറെ കാലമായുള്ള മേധാവിത്വവും അഹന്തയും സര്‍ക്കാര്‍ വിശാലമാക്കലും സ്വത്വ രാഷ്ട്രീയത്തിലുള്ള ഊന്നലും ഒക്കെയുള്ള ഡമോക്രാറ്റിക് രാഷ്ട്രീയക്കാര്‍ക്ക് ഭീതിയും കോപവും ഉള്ളില്‍ കൊണ്ട് നടക്കുന്ന റിപ്പബ്ലിക്കന്മാരുടെ സ്ഥിതി വിശേഷം മനസിലാക്കുവാനുള്ള കഴിവോ അനുതാപമോ ഇല്ലാത്തതിനാല്‍ ഈ വിഭാഗീയത വര്‍ദ്ധിക്കുകയും ചെയ്‌തു.
ചോദ്യം: അമേരിക്കയിലെ സ്വതന്ത്രവും ജനാധിപത്യപരവുമായ ഭരണത്തെ വിലകുറച്ച് കാട്ടുവാന്‍ സ്വതന്ത്ര വലതുപക്ഷക്കാരെ ഉപയോഗിക്കുന്നുണ്ടോ യാഥാസ്ഥിക സംഘങ്ങള്‍? ഇക്കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംഭാവന എന്താണ്?
തീര്‍ച്ചയായും. അവര്‍ പറയുന്നത് അവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിയമം ഉയര്‍ത്തിപിടിക്കുന്നതിനും ഭരണഘടനക്കും മുതലാളിത്തത്തിനും വേണ്ടി നിലകൊള്ളുന്നു എന്നാണ്. അവരുടെ എന്തെങ്കിലും ആവശ്യത്തിന് ഉതകുന്നതാണെങ്കില്‍ ഈ മൂല്യങ്ങളെ ഒക്കെ അവര്‍ പിന്തുണയ്ക്കാന്‍ തയ്യാറാകും. എന്നാല്‍ അവരോട് വിയോജിപ്പുള്ളവരുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുവാന്‍ അവര്‍ തയ്യാറാവില്ല. ജനാധിപത്യ വിരുദ്ധതയെ സഹിക്കുന്നവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍. അസഹിഷ്ണുക്കളും കലാപകാരികളുമായ വെള്ളക്കാരുടെ മേധാവിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങളെ അടിച്ചമര്‍ത്തുവാന്‍ ഇരു പാര്‍ട്ടികളും പരാജയപ്പെട്ടതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. അവരുടെ വോട്ടുകള്‍ ഒരു പ്രശ്‌നമാണെന്നതിനാല്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ അവര്‍ക്ക് പിന്തുണ നല്‍കുവാനും അവരുടെ അവകാശ വാദങ്ങളെ ന്യായീകരിക്കുവാനും തയ്യാറാകുന്നു.
ചോദ്യം: തെരഞ്ഞെടുപ്പുകള്‍ തോറ്റതിന് ശേഷവും അമേരിക്കക്കാരില്‍ നല്ലൊരു ഭാഗം ഇപ്പോഴും ട്രംപിനെ പിന്തുണയ്ക്കുന്നതായി തോന്നുന്നു. എങ്ങിനെയാണ് ഇത് മനസിലാക്കേണ്ടത്?
ട്രംപും അദ്ദേഹത്തോടൊപ്പമുള്ള റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരും നിരന്തരം ഓതി കൊടുക്കുന്ന നുണകള്‍ ട്രംപിന്‍റെ കടുത്ത അനുയായികള്‍ വിശ്വസിച്ചിരിക്കുകയാണ്. വസ്‌തുതകളേക്കാള്‍ അവര്‍ക്ക് ഗൂഢാലോചനകളേയും ട്രംപിന്‍റെ നുണകളേയുമാണ് വിശ്വാസം.
ചോദ്യം: അമേരിക്കയെ രാഷ്ട്രീയ സാധാരണ നില തിരിച്ച് കൊണ്ടു വരുന്നതിന് സഹായിക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള പങ്ക് എന്താണ്?
പരമ്പരാഗത മൂല്യങ്ങളെ വില കല്‍പ്പിക്കുന്ന നല്ല സ്ഥാനാര്‍ത്ഥികളെ നാമ നിര്‍ദ്ദേശം ചെയ്യുകയും മികച്ചവരെ തെരഞ്ഞെടുക്കുകയും ഒക്കെ വേണം പാര്‍ട്ടികള്‍. നാമ നിര്‍ദ്ദേശങ്ങള്‍ നേടിയെടുക്കുകയും അങ്ങനെ നേടിയെടുത്തവര്‍ക്ക് വേണ്ടി ഓടുകയും ചെയ്യുന്നവര്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയുടേയും അതില്‍ അന്തര്‍ലീനമായ മൂല്യങ്ങളേയും പിന്തുണയ്ക്കുന്നില്ല എന്നു വരുമ്പോള്‍ അത്തരക്കാരെ തടയുന്ന നിയമങ്ങള്‍ കൊണ്ടു വരേണ്ടതുണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍.
ചോദ്യം: എന്തുകൊണ്ടാണ് അമേരിക്കയെ പോലുള്ള ഒരു സമ്പന്ന സമൂഹത്തിന് സാമൂഹിക സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോകുന്നതും തങ്ങളുടെ പൗരന്മാര്‍ക്ക് സാമ്പത്തിക സാമൂഹിക നീതി ഉറപ്പു വരുത്താന്‍ കഴിയാതെ പോകുന്നതും?
ദുരാഗ്രഹത്തെ മഹത്വവല്‍ക്കരിക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്ന നേതൃത്വവും അവരെ പിന്തുണയ്ക്കാന്‍ തയ്യാറാവുന്ന വോട്ടര്‍മാരുമാണ് അതിനു കാരണം.
ചോദ്യം: യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്ഥിതി ഗതികളില്‍ ചൈനയുടെ പങ്കോ സ്വാധീനമോ താങ്കള്‍ കാണുന്നുണ്ടോ?
ചൈന ഒരു ഭീഷണി തന്നെയാണ്. എന്നാല്‍ ഈ ഭീഷണിയെ സംബന്ധിച്ച് ചില രാഷ്ട്രീയക്കാര്‍ നടത്തുന്ന അമിതമായ പ്രതികരണങ്ങള്‍ ജനങ്ങളെ ആഭ്യന്തര ഭീഷണികളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് കലാപകാരികളായ വലതുപക്ഷ മേധാവിത്വ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്നും.
ചോദ്യം: ജനപ്രിയ/ഏകാധിപത്യ നേതാക്കളുടെ ഉയര്‍ന്ന് വരവിനെതിരെ അതിശക്തമായ തടസങ്ങളായി വര്‍ധിച്ച് വരുന്ന നീതി വ്യവസ്ഥയും മാധ്യമങ്ങളും പോലുള്ള സ്ഥാപനങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഒന്നാണ് അമേരിക്കന്‍ ജനാധിപത്യം. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ കാലഘട്ടത്തില്‍ ഈ സ്ഥാപനങ്ങളൊക്കെ എത്രത്തോളം വിജയിച്ചു? അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ സ്ഥാപക നേതാക്കളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തെങ്കിലും സംഭാവന ചെയ്‌തിട്ടുണ്ടോ? അല്ലെങ്കില്‍ അവര്‍ ഈ മൂല്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണോ ചെയ്‌തത്?
ട്രംപ് കാര്യങ്ങളെ അതിന്‍റെ അറ്റത്തേക്ക് തള്ളി നീക്കി. കോണ്‍ഗ്രസിന്‍റേയും കോടതികളുടേയും ഭരണഘടനാപരമായ പങ്കുകള്‍ പോലും അവഗണിച്ചുകൊണ്ടായിരുന്നു ഇത്. അഭിലാഷങ്ങള്‍ അഭിലാഷങ്ങള്‍ക്ക് തന്നെ തടയിടുന്ന രീതിയിലാണ് ഈ വ്യവസ്ഥ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. യഥാര്‍ത്ഥ ഫോര്‍മുലയുടെ ഭാഗമായിരുന്നില്ല രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന് വേണ്ടിയുള്ള അവരുടെ ശ്രമങ്ങള്‍ മധ്യവര്‍ത്തി രാഷ്ട്രീയവും ഭൂരിപക്ഷ ഭരണവുമൊക്കെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ചിരുന്നു. എന്നാല്‍ പ്രസിഡന്‍റാവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കുവേണ്ടിയും പാര്‍ട്ടി നാമ നിര്‍ദേശ പ്രക്രിയ തുറന്ന് കൊടുത്തതോടെ വെല്ലുവിളികള്‍ക്ക് അത് കാരണമായി.
ചോദ്യം: ബൈഡന്‍ ഭരണകൂടത്തിന് മുന്നിലെ വെല്ലുവിളികള്‍ എന്തൊക്കെയാണ്?
മഹാമാരി, ദുര്‍ബലമായ സമ്പദ് വ്യവസ്ഥ, ക്യാപിറ്റോളിലും മറ്റിടങ്ങളിലുമൊക്കെ ജനക്കൂട്ട കലാപങ്ങളിലേക്ക് നയിച്ച സാമൂഹിക വിഭാഗീയത എന്നിവയൊക്കെയാണവ. വിട്ടുവീഴ്‌ച ചെയ്യുന്നത് കൂടുതല്‍ തീവ്രവാദികളായ രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രാഥമിക സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നതിന് ഭയക്കുന്നവരാണ് കോണ്‍ഗ്രസ്സില്‍ ഉള്ള റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍.ഈ വെല്ലുവിളികള്‍ ഒക്കെയും ഒരു മഹാനായ പ്രസിഡന്‍റായി മാറുവാനുള്ള അവസരമാണ് ബൈഡന് നല്‍കുന്നത്. അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിനും കാര്യങ്ങള്‍ നല്ല നിലയിലേക്ക് തിരിച്ചുകൊണ്ടു വരുവാന്‍ അവസരം ലഭിക്കുന്നു. എല്ലാ ഭരണകര്‍ത്താക്കള്‍ക്കും ഇത്തരം അവസരം ലഭിക്കാറില്ല.
ചോദ്യം: ഈയിടെ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?
യു എസ് ഇന്നൊരു പ്രതിസന്ധി വേളയിലാണ്. അതേ സമയം ആഭ്യന്തര യുദ്ധത്തിന് ശേഷം ഉണ്ടായ സ്ഥിതി ഗതിയോളം ഗുരുതരമൊന്നുമല്ല അത്. ഒരുപക്ഷെ 1960കളിലേയും മഹാമാന്ദ്യകാലത്തേയും സ്ഥിതി ഗതികളോളം ഗുരുതരമാകാം ഇപ്പോഴത്തെ സ്ഥിതി.
ചോദ്യം: അമേരിക്കയില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാവി എന്താണ്?
അതെല്ലാം പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കലാപകാരികളും ജനാധിപത്യ വിരുദ്ധരുമായ വലതുപക്ഷക്കാരുടെ പെരുമാറ്റ രീതികളെ പിടിച്ചു കെട്ടാന്‍ അതിശക്തമായ നിയമം നടപ്പാക്കല്‍ ആവശ്യമാണ്. ശക്തരും സത്യസന്ധരുമായ നേതൃത്വം റിപ്പബ്ലിക്കന്മാരുടെ ഇടയിലും ഉണ്ടാവേണ്ടതുണ്ട്.