ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനെക ചൊവ്വാഴ്ച രണ്ട് മോണോക്ലോണൽ ആന്‍റിബോഡികള്‍ സംയോജിപ്പിച്ച് കൊവിഡ് ചികിത്സ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ടി രണ്ട് മോണോക്ലോണൽ ആന്‍റിബോഡികളുടെ സംയോജനമായ AZD7442ആണ് ഒന്നാം ഘട്ട ട്രയലിൽ നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ ചികിത്സയുടെ സുരക്ഷ വിലയിരുത്തുന്നതിനായി 18 മുതൽ 55 വയസ്സുവരെയുള്ള പൂർണ ആരോഗ്യവാന്‍മാരായ 48 ആളുകൾ ട്രയലിന്‍റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ആന്‍റിബോഡികളുടെ ഈ സംയോജനം വൈറൽ പ്രതിരോധസാധ്യത കുറയ്ക്കുന്നതിന് പുറമേ, ഫലപ്രാപ്തിനല്‍കുന്നതുമാണെന്ന് ബയോഫാർമസ്യൂട്ടിക്കൽസ് ആർ ആൻഡ് ഡി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മെനെ പാംഗലോസ് പ്രസ്താവനയിൽ പറഞ്ഞു.
ചികിത്സ വിജയകരമാണെങ്കിൽ രണ്ടാംഘട്ട, മൂന്നാംഘട്ട ട്രയലുകളിലേക്ക് നീങ്ങുമെന്ന് അസ്ട്രാസെനക്ക പറയുന്നു.യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡിഫൻസ് ആൻഡ് ഹ്യൂമൻ സർവീസസ് എന്ന ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്‍റ് അതോറിറ്റിയുടെ ഭാഗമായ യുഎസ് ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയാണ് ഈ ശാസ്ത്ര പഠനത്തിന് ധനസഹായം നൽകുന്നത്.