വാഷിങ്‌ടൺ: ഡൊണാൾഡ് ട്രംപിന്‍റെ ട്വീറ്റുകൾ ഔദ്യോഗിക പോട്ടസ് അക്കൗണ്ടിൽ നിന്നും ട്വിറ്റർ പിൻവലിച്ചു. സമൂഹമാധ്യമമായ ട്വിറ്റർ ട്രംപിന്‍റെ അക്കൗണ്ട് നിരോധിച്ചതിന് പിന്നാലെയാണ് പോട്ടസിലെയും ട്വീറ്റുകൾ നീക്കം ചെയ്‌തത്. പോട്ടസ് അക്കൗണ്ട് തുടർച്ചയായി നിരീക്ഷിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്വീറ്റുകൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. എന്നാൽ തന്‍റെ അക്കൗണ്ട് നീക്കം ചെയ്യുന്നതിൽ ട്വിറ്റർ ജീവനക്കാർ ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചെന്ന് ട്രംപ് ആരോപിച്ചു.
അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ട്രംപിന്‍റെ ഇതുവരെയുള്ള ട്വീറ്റുകൾ പിൻവലിക്കുന്നതായും അക്കൗണ്ട് പിൻവലിക്കുകയും ചെയ്യുന്നതായി ട്വിറ്റർ അറിയിച്ചിരുന്നു. യുഎസ് കോൺഗ്രസ് ചേരുന്ന ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുയായികൾ കലാപം സൃഷ്‌ടിച്ചതാണ് ഇതിന് കാരണം. ട്രംപിന്‍റെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും താൽകാലികമായി നിരോധിച്ചിരിക്കുകയാണ്.