ന്യൂയോർക്ക്: ജോർജ് ഫ്ലോയിഡിന് അനുശോചനം അറിയിച്ച് കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വീഡിയോ ട്വിറ്റർ തടഞ്ഞു. പകർപ്പവകാശ നയം അനുസരിച്ച്, ഒരു പകർപ്പവകാശ ഉടമ അല്ലെങ്കിൽ അവരുടെ അംഗീകൃത പ്രതിനിധികൾ അയച്ച പരാതിക്ക് മറുപടിയായാണ് വീഡിയോ തടഞ്ഞതെന്ന് ട്വിറ്റർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന വ്യക്തിയെന്ന നിലയിൽ ട്വിറ്ററിന്‍റെ ഈ നീക്കം ട്രംപുമായുള്ള പിരിമുറുക്കം വർധിപ്പിച്ചു.
ഫ്ലോയിഡിന്‍റെ ചിത്രങ്ങൾ ഉൾപ്പെട്ട വീഡിയോ ട്രംപിന്‍റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോഴും പ്രചരിക്കുന്നു. വീഡിയോ പുറത്തുവന്നപ്പോൾ തന്നെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. മാർച്ച് നടക്കുന്നതിനിടെ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ, പ്രതിഷേധക്കാർ കെട്ടിടങ്ങൾ കത്തിക്കുന്ന ദൃശ്യങ്ങൾ, ട്രംപിന്‍റെ പ്രസംഗം എന്നിവയാണ് മൂന്ന് മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. സമൂഹമാധ്യമ കമ്പനികൾ പൂട്ടിക്കുമെന്നുള്ള ട്രംപിന്‍റെ ഭീഷണിക്കെതിരെ ട്വിറ്റർ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്.