വെല്ലിങ്ടണ്‍: ന്യൂസിലന്‍റില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയാണ് 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായതോടെ സുനാമി സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ന്യൂസിലന്‍റിന്‍റെ വടക്കൻ ദ്വീപിന് കിഴക്ക് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയതെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. യുഎസിലെ ഗിസ്‌ബോണ്‍ നഗരത്തിന് 178 കിലോമീറ്റർ വടക്കുകിഴക്കായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ഗിസ്‌ബോണിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2011ൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ 185 പേർ കൊല്ലപ്പെടുകയും നഗരത്തിന്‍റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തിരുന്നു. അതിനേക്കാൾ തീവ്രതയേറിയ ഭൂചലനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.