ആഫ്രിക്കൻ അമേരിക്കൻ ജോർജ് ഫ്ലോയിഡിനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയത് അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലും, ലോകത്തെ മറ്റ് പ്രധാന നഗരങ്ങളിലും വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. മെയ് 25ന് മിനസോട്ട സ്റ്റേറ്റിലെ മിനിയാപൊളിസിലെ ഒരു കടയ്ക്ക് പുറത്ത് ആണ് ഫ്ലോയ്‌ഡ് അറസ്റ്റിലായത്. ഒൻപത് മിനിറ്റോളം ഫ്ലോയിഡിന്‍റെ കഴുത്തിൽ മുട്ടുകുത്തി നിന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡെറെക് ഷോവിന്‍ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ അമർത്തിക്കൊണ്ടിരിക്കുമ്പോൾ, ശ്വസിക്കാൻ കഴിയില്ലെന്ന് ഫ്ലോയ്‌ഡ് ആവർത്തിച്ചു കേണു പറഞ്ഞതും വളരെ ദുഖകരമായ കാഴ്‌ചയായി അവശേഷിക്കുന്നു. പിന്നീട്, ഫ്ലോയ്‌ഡ് ആശുപത്രിയിൽ വച്ച് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും ഈ സംഭവം അമേരിക്കൻ സ്റ്റേറ്റുകളിൽ വൻ പ്രതിഷേധത്തിനും റാലികൾക്കും കാരണമായി. ആയിരക്കണക്കിന് ആഫ്രിക്കൻ-അമേരിക്കക്കാർ തെരുവിലിറങ്ങി അന്തരിച്ച ഫ്ലോയിഡിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഫ്ലോയിഡിന്‍റെ ശവസംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്‌ച നടന്നു.
തമീർ റൈസ്, മൈക്കൽ ബ്രൗൺ, എറിക് ഗാർനർ എന്നിവരുടെ മരണത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസ് സ്റ്റേറ്റുകളിലുടനീളം ലക്ഷക്കണക്കിന് ആഫ്രിക്കൻ അമേരിക്കക്കാരെ അണിനിരത്തുന്നതിൽ #ബ്ലാക്ക് ലൈവ്സ്‌മാറ്റർ കാമ്പയിൻ വിജയിച്ചു. ന്യൂയോർക്കിൽ കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ പ്രതിഷേധം ഉയർന്നത്.
കഴിഞ്ഞ 20 വർഷമായി അമേരിക്കയിൽ താമസിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ സീമ സിരോഹി, ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധം വ്യത്യസ്‌തവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടു. സമാനമായ സംഭവങ്ങളില്‍ പൊലീസ് ക്രൂരതയ്ക്ക് തെളിവുകളുണ്ടായിരിക്കാം. പക്ഷേ ജോർജ് ഫ്ലോയിഡിന്‍റെ കാര്യത്തിൽ, അദ്ദേഹത്തിന്‍റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ കാണിക്കുന്ന വേദനാജനകമായ വീഡിയോ ഫൂട്ടേജ് കറുത്ത സമുദായക്കാർക്കും ലോകത്തിലെ മറ്റ് ആളുകൾക്കും ഇടയിൽ കോപത്തിനും നടുക്കത്തിനും ഒരു പ്രധാന കാരണമായി മാറി.
ഇതുവരെ പ്രതിഷേധം സമാധാനപരമായിരുന്നു. എന്നാൽ പ്രതിഷേധം തുടങ്ങിയിട്ട് ഏകദേശം രണ്ടാഴ്‌ചയായി എന്നതാണ് ശ്രദ്ധേയമായ കാര്യം. അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. ആളുകൾ പൊലീസ് സംവിധാനത്തില്‍ മാറ്റം ആവശ്യപ്പെടുകയാണ്. പൊലീസിനായുള്ള ഫണ്ടിങ് അവസാനിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. പൊലീസ് സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് മറ്റൊരു ആവശ്യമുണ്ട്. ഈ പ്രശ്‌നങ്ങളിൽ ചിലത് പരിഹരിക്കുന്നതിനായി ഡെമോക്രാറ്റുകൾ യുഎസ് ജനപ്രതിനിധിസഭയിൽ ഒരു ബിൽ വാഗ്‌ദാനം ചെയ്‌തു. നിരന്തരമായ പ്രതിഷേധങ്ങള്‍ അർഥമാക്കുന്നത് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കിട്ടുന്നത് വരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നത് അവസാനിപ്പിക്കുകയില്ല എന്നാണ്. രാജ്യം മുഴുവൻ മാരകമായ വൈറസുമായി പോരാടുന്ന സമയത്താണ് ഈ പ്രതിഷേധം നടക്കുന്നത്. കൂടാതെ, നിലവില്‍ തൊഴിലില്ലായ്‌മ എക്കാലത്തേതിലും ഉയർന്ന അവസ്ഥയിലാണ് അമേരിക്കയില്‍. കണക്കുകൾ പ്രകാരം ഏകദേശം 40 ദശലക്ഷം അമേരിക്കക്കാർ തൊഴിലില്ലാത്തവരാണ്.
“എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ വളരെ വ്യക്തമായിരുന്നു. ആളുകൾക്ക് ഇതിനെക്കുറിച്ച് മനസിലായിരിക്കാൻ വഴിയില്ല, ” സിറോഹി വാഷിംഗ്‌ടൺ ഡിസിയിൽ നിന്ന് ഇടിവി ഭാരതിനോട് പറഞ്ഞു. പൊലീസില്‍ പരിഷ്‌കാരങ്ങൾ കൊണ്ടുവരിക എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പൊലീസ് അക്രമത്തിനും വംശീയ അനീതിക്കും പരിഹാരം കാണുന്നതിന് ആവശ്യമായ നിയമനിർമ്മാണങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള പാക്കേജുമായി ഡെമോക്രാറ്റുകളുടെ യുഎസ് പ്രതിപക്ഷ പാർട്ടിയും മുന്നോട്ട് വന്നിട്ടുണ്ട്. സംശയിക്കപ്പെടുന്ന കുറ്റവാളികളുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും, വംശീയ അധിക്ഷേപത്തില്‍ നിന്നും പൊലീസിനെ തടയുന്നതിന് പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ പാക്കേജ് നിർദേശിക്കുന്നു. അമേരിക്കയിൽ പൊലീസിനായുള്ള ഫണ്ടിങ് അവസാനിപ്പിക്കണം എന്ന ആവശ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചിരുന്നു. വിവാദപരമായ പരാമർശങ്ങൾക്കും, സാഹചര്യം കൈകാര്യം ചെയ്‌തതിലെ വീഴ്‌ചകള്‍ക്കും, പ്രസിഡന്‍റ് ട്രംപിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. കരസേനയിലെ ഉദ്യോഗസ്ഥരും, പൊലീസ് മേധാവികളും, ജെയിംസ് മാറ്റിസ് ഉൾപ്പെടെയുള്ള മുൻ പ്രതിരോധ സെക്രട്ടറിമാരും ട്രംപ് നേതൃത്വത്തെ ചോദ്യം ചെയ്യുകയും, പ്രതിഷേധങ്ങളെ ശമിപ്പിക്കാൻ അദ്ദേഹം സൈനികരെ ഉപയോഗിക്കുന്നതിനെ വിമർശിക്കുകയും ചെയ്‌തിരുന്നു.
നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രംപിന് ഇപ്പോഴും സ്ഥിതിഗതികൾ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി സീമ സിറോഹി പറഞ്ഞു. അതിനായി, മുൻ പ്രസിഡന്‍റ് റിച്ചാർഡ് നിക്‌സന്‍റെ ഭരണകാലത്ത് നിന്ന് ട്രംപ് ആശയങ്ങൾ കടമെടുക്കുകയാണ് എന്നാണ് രാഷ്ട്രീയ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. നിക്‌സനെ ഒരു സമർത്ഥനായ ഒരു രാഷ്ട്രീയ തന്ത്രജ്ഞനായി കണക്കാക്കപ്പെടുന്നു. 1968 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തെരുവ് പ്രതിഷേധത്തെ ചെറുക്കാൻ ‘ക്രമസമാധാനം’ നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത നിക്‌സൺ ഊന്നിപ്പറഞ്ഞിരിന്നു.
“ട്രംപ് ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്‌തുവെന്നത് ഒരുപക്ഷേ അദ്ദേഹത്തിന് നേട്ടമായേക്കാം. കാരണം, ക്രമസമാധാനത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന പ്രസിഡന്‍റായി അദ്ദേഹം സ്വയം ഉയർത്തിക്കാട്ടുന്നു. 1968 ൽ റിച്ചാർഡ് നിക്‌സൺ ചെയ്‌തത് അതാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിച്ചാർഡ് നിക്‌സൺ വിജയിച്ചു, കാരണം അമേരിക്കയിലെ ധാരാളം ആളുകൾ, നിരവധി ആഫ്രിക്കൻ അമേരിക്കക്കാർ ഉൾപ്പെടെ, പൊലീസിന്‍റെ ഫണ്ടിങ് അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇപ്പോൾ പോലും അവർക്ക് കൂടുതൽ മികച്ച പൊലീസിംഗ് വേണം. പൊ ലീസില്ലാതെ എങ്ങനെ ഒരു സമൂഹം മുന്നോട്ട് പോകും? അതിനാൽ സമൂഹത്തിനു പൊലീസിനെ ആവശ്യമുണ്ട്. അതിനാൽ ഇത് ഇടതുപക്ഷത്തിന്‍റെ അസംബന്ധമായ ആവശ്യമാണ്. എന്നാൽ ദൃഡനിശ്ചയമുള്ള പൊലീസ് പരിഷ്‌കാരങ്ങൾ കൊണ്ടുവരേണ്ടത് പ്രധാനമാണ്, ”സിറോഹി പറഞ്ഞു. ലോകത്തിലെ പ്രധാന തലസ്ഥാന നഗരങ്ങളിലുടനീളം പ്രകോപിതരായ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ അടിമത്തവും വംശീയ സമുദായങ്ങളുടെ വിവേചനവുമായി ബന്ധപ്പെട്ടിരിക്കുന്ന കൊളോണിയൽ ഭൂതകാലങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്‍റെ പ്രതിമ യുകെയിലെ വംശീയ വിരുദ്ധ പ്രക്ഷോഭകർ ഞായറാഴ്‌ച ബ്രിസ്റ്റോൾ തുറമുഖത്ത് മറിച്ച് ഇട്ടിരിന്നു.
അമേരിക്കൻ രാഷ്ട്രീയ മേഖലകളിൽ പ്രാതിനിധ്യമുള്ള ഇന്തോ-അമേരിക്കൻ സമൂഹത്തിന്‍റെ ഇരട്ടത്താപ്പിനെ നിരവധി ഇന്ത്യക്കാർ ചോദ്യം ചെയ്യുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്കും വിദ്യാർത്ഥികൾക്കുമെതിരായ പൊലീസ് ക്രൂരതകളെക്കുറിച്ച് മൗനം പാലിച്ച പല ഇന്ത്യൻ സെലിബ്രിറ്റികള്‍ #ബ്ലാക്ക് ലൈവ്സ്‌മാറ്റർ വിഷയത്തില്‍ ശബ്‌ദമുയർത്തിയിരുന്നു. പ്രിയങ്ക ചോപ്രയെപ്പോലുള്ള താരങ്ങളും വിമര്‍ശനം ഏറ്റുവാങ്ങി. #ബ്ലാക്ക് ലൈവ്സ്‌മാറ്റർ പ്രസ്ഥാനത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര ശബ്‌ദമുയർത്തിയെങ്കിലും ഇന്ത്യയിലെ പ്രതിഷേധത്തെക്കുറിച്ച് അവർ മൗനം പാലിച്ചു.
“ഇന്ത്യൻ അമേരിക്കക്കാരുടെ യുവതലമുറ വളരെയധികം ഇടത് ചായ്‌വുമുള്ളവരാണ്. അവർ അമേരിക്കയിൽ അധികാരത്തിൽ വന്നാൽ ഇന്ത്യാ ഗവൺമെന്‍റിന് മേൽ സമ്മർദമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. നവംബറിൽ ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് കരുതുക, കഥ വളരെ വ്യത്യസ്‌തമായിരിക്കും, ”സീമ സിറോഹി പറഞ്ഞു.