വാഷിങ്ടൺ: ഉക്രൈൻ പ്രസിഡന്‍റ് വ്‌ളാദിമിർ സെലൻസ്‌കിയുമായുള്ള രണ്ടാം ഫോൺ സംഭാഷണത്തിന്‍റെ ട്രാൻസ്ക്രിപ്റ്റ് രേഖകൾ പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ മാസം പുറത്തു വിട്ട ജൂലൈയിലെ ഫോൺ സംഭാഷണത്തിന് മുന്നോടിയായി ഏപ്രിലിൽ നടന്ന സംഭാഷണമാണ് പുറത്തുവിടാൻ ഉദ്ദേശിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. "രണ്ടാം ഫോൺ സംഭാഷണം നിങ്ങൾ വായിക്കണം, അതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയാൽ നിങ്ങൾ പറയണം", ട്രംപ് പറഞ്ഞു.
ജൂലൈയിൽ ഇരുവരും നടത്തിയ സംഭാഷണത്തിൽ നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഉക്രൈനുമായുള്ള ട്രംപിന്‍റെ ഇടപാടുകൾ ആദ്യം പരിശോധനക്ക് വിധേയമാകുന്നത്. ഇതിനെ തുടർന്ന് വിവാദമായ ഫോൺ സംഭാഷണത്തിന്‍റെ റഫ് ട്രാൻസ്ക്രിപ്റ്റ് വൈറ്റ് ഹൗസിൽ നിന്നും പുറത്തുവിട്ടു. അതിൽ നിന്നും മുൻ ഉപരാഷ്ട്രപതി ജോ ബിഡനും മകൻ ഹണ്ടറും നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ സെലൻസ്‌കിയോട് സമ്മര്‍ദം ചെലുത്തുകയാണ് ട്രംപ് ചെയ്‌തതെന്ന് വ്യക്തമായി. ഇതിനെ തുടർന്ന് നിലവിൽ ഇംപീച്ച്മെന്‍റ് നടപടികൾ നേരിടുകയാണ് ട്രംപ്. എന്നാൽ ജൂലൈയിൽ നടത്തിയ ചർച്ചക്ക് മുമ്പ് ഏപ്രിലിൽ നടത്തിയ ഫോൺ സംഭാഷണമാണ് വീണ്ടും വിവാദമായതിനെ തുടർന്ന് ട്രംപ് പുറത്തുവിടാൻ ഒരുങ്ങുന്നത്.