വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കൊവിഡ് മുക്തനായി. ഫ്ലോറിഡയിലെ പ്രചാരണ റാലിക്ക് മുന്നോടിയായി തുടർച്ചയായി നടത്തിയ കൊവിഡ് ടെസ്റ്റുകളില്‍ പരിശോധന ഫലം നെഗറ്റീവായതായി വൈറ്റ് ഹൗസിലെ ഡോക്ടർ സീൻ കോൺലി അറിയിച്ചു. ആന്‍റിജൻ ടെസ്റ്റിലൂടെയാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന സൺഡേ മോണിംഗ് ഫ്യൂച്ചേർസ് എന്ന പരിപാടിയിലും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് താൻ കൊവിഡ് മുക്തനായെന്ന് പറഞ്ഞിരുന്നു. രോഗപ്രതിരോധ ശേഷി വർധിച്ചെന്നും അതുകൊണ്ട് തന്നെ പ്രചാരണത്തിന് പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്ന ട്രംപ് കഴിഞ്ഞ ആഴ്ചയാണ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്. തുടർന്ന് നടത്തിയ ആന്‍റിജെൻ പരിശോധനയിലാണ് കൊവിഡ് മുക്തനായത്.