വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി അമേരിക്ക. കൊവിഡ് എന്ന ആഗോള മഹാമാരിയിൽ ഉണ്ടായ വിനാശങ്ങൾക്ക് കാരണം ലോകാരോഗ്യ സംഘടനയും ചൈനയുമാണെന്ന് ആരോപിച്ച് സംഘടന വിടുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയിൽ നിന്ന് അംഗത്വമൊഴിഞ്ഞതോടെ ഇനിമുതൽ സംഘടനക്ക് നല്‍കുന്ന പണം ഇതേ ദൗത്യം നിറവേറ്റുന്ന ആഗോളതലത്തിലുള്ള മറ്റ് സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് അറിയിച്ചു.
ചൈനയെ സംരക്ഷിക്കുന്നതിനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത്. എന്നാൽ, ലോകത്തിന് ചൈനയിൽ നിന്ന് ഉത്തരം വേണമെന്നും വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ വച്ച് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചൈന വര്‍ഷത്തില്‍ നാല് കോടി ഡോളര്‍ മാത്രമാണ് ലോകാരോഗ്യ സംഘടനക്ക് നല്‍കുന്നത്. അമേരിക്കയാകട്ടെ വര്‍ഷത്തില്‍ 45 കോടി ഡോളർ നല്‍കുന്നുണ്ട്. എന്നിട്ടും സംഘടനയെ നിയന്ത്രിക്കുന്നത് ചൈനയാണെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യസംഘടനയോട് പരിഷ്കാരങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് ഫലമുണ്ടായില്ല. അതിനാൽ തന്നെ, സംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച്, അംഗത്വം ഒഴിയുകയാണെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി.