വാഷിങ്ടൺ: അമേരിക്കയിലെ ഉയർന്ന കൊവിഡ് പരിശോധന കണക്കുകളെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രശംസിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയടക്കമുള്ള വലിയ രാജ്യങ്ങളേക്കാൾ കൂടുതൽ കൊവിഡ് പരിശോധന രാജ്യത്ത് നടന്നിട്ടുണ്ടെന്നും ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയേക്കാൾ 44 മില്യൺ കൊവിഡ് പരിശോധന അമേരിക്കയിൽ നടത്തിയെന്നും ഇന്ത്യയിൽ ആകെ 1.5 ബില്യൺ ആളുകളാണുള്ളതെന്നും ട്രംപ് നെവാഡയിലെ പ്രചരണ റാലിയിൽ അഭിപ്രായപ്പെട്ടു.
പ്രചരണത്തിൽ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയായ ജോ ബൈഡനെ ട്രംപ് കുറ്റപ്പെടുത്തി. തനിക്ക് പകരം ബൈഡനായിരുന്നു പ്രസിഡന്‍റ് എങ്കിൽ തൽസ്ഥാനത്ത് ആയിരത്തിലധികം കൂടുതൽ അമേരിക്കയിലെ ജനങ്ങൾ മരിക്കുമായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഇതുവരെ 65,20,234 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,94,081 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്. അതേ സമയം ഇന്ത്യയിൽ ഇതുവരെ 48,46,427 പേർ കൊവിഡ് രോഗബാധിതരാകുകയും 79,722 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു.