വാഷിങ്ടണ്‍: യുഎസ്-ചൈന ആദ്യ ഘട്ട വ്യാപാര കരാര്‍ യുഎസിലെ അയോവയില്‍ ഒപ്പുവെക്കാന്‍ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യുഎസും ചൈനയും തമ്മില്‍ പതിനഞ്ച് മാസമായി തുടരുന്ന വ്യാപാര യുദ്ധത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും ചൈനയുടെ ഉപപ്രധാനമന്ത്രി ല്യു ഹേയും നടത്തിയ ചർച്ചയിലാണ് വ്യാപാരയുദ്ധത്തിന് അയവുവരുത്തുന്ന തീരുമാനങ്ങൾ ഉണ്ടായത്.
ധനകാര്യ സേവനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് ധാരണയായത്. 40-50 ബില്ല്യണ്‍ ഡോളറിന്‍റെ വരെ കാർഷികോൽപ്പന്നങ്ങൾ യുഎസില്‍ നിന്ന് ചൈന ഇറക്കുമതി ചെയ്യും. ഇത് നിലവിലുള്ള ഇറക്കുമതിയുടെ മൂന്നിരട്ടിയോളം വരുമെന്ന് ട്രംപ് പറഞ്ഞു. 25000 കോടി ഡോളറിന്‍റെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നതും യുഎസ് മരവിപ്പിക്കും.
നവംബര്‍ 16,17 തീയതികളില്‍ ചിലിയിൽ ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും യുഎസിലെ പൊതുഗതാഗത നിരക്ക് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധം കാരണം മാറ്റിവെച്ചു.