വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റ് വിചാരണ നടപടികൾക്കായി യുഎസ് സെനറ്റ് ഔദ്യോഗികമായി തുറന്നു. സെനറ്റ് പ്രസിഡന്‍റ് പ്രോ-ടെമ്പോർ പാട്രിക് ലേഹിയും മറ്റ് സെനറ്റർമാരും സത്യപ്രതിജ്ഞ ചെയ്തു. ഇംപീച്ച്‌മെന്‍റ് വിചാരണ വാദം ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും.
“കലാപത്തിന് ആഹ്വാനം ചെയ്തു'' എന്നാണ് ഇംപീച്ച്‌മെന്‍റിന് കാരണമായി സെനറ്റ് ചൂണ്ടിക്കാട്ടുന്നത്. 2020 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ജോ ബിഡന്‍റെ വിജയം സ്ഥിരീകരിക്കുന്നതിൽ നിന്ന് കോൺഗ്രസിനെ തടയുന്നതിനായി ജനുവരി ആറിന് യുഎസ് ക്യാപിറ്റോളില്‍ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിൽ ട്രംപ് നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഇംപീച്ച്മെന്‍റ് സംബന്ധിച്ച ആര്‍ട്ടിക്കിള്‍ ജനപ്രതിനിധി സഭ ചേംബറില്‍ സമർപ്പിച്ചു.
നാല് പേജുള്ളതാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്‍റ് ആര്‍ട്ടിക്കിള്‍. 'ട്രംപ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെയും അതിന്‍റെ ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളുടെയും സുരക്ഷയെ അതിഗുരുതരമാം വിധം അപകടപ്പെടുത്തി' എന്നാണ് ആര്‍ട്ടിക്കിളിൽ ഉള്ളത്.
കൂടുതൽ അറിയാൻ: ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ ഇനി എന്ത്?
ഡമോക്രാറ്റ് പ്രതിനിധികളായ റോഡ് ഐലന്‍റി ലെ ഡേവിഡ് സിസിലൈന്‍, കാലിഫോര്‍ണിയയിലെ ടെഡ് ല്യൂ, മെരിലാന്‍റിലെ ജാമി റസ്‌കിന്‍ എന്നിവരാണ് ഇംപീച്ച്‌മെന്‍റ് ആര്‍ട്ടിക്കിള്‍ സഭയില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ തവണ നടന്ന ഇംപീച്ച്‌മെന്‍റ് വിചാരണയില്‍ നിന്നും വ്യത്യസ്തമാകും ഇത്തവണത്തെ വിചാരണ. ഉക്രൈന്‍ പ്രസിഡന്‍റുമായുള്ള ട്രംപിന്‍റെ ഇടപാടുകളെ ചൊല്ലിയുള്ള സഭയുടെ കുറ്റാരോപണമായിരുന്നു 2019-ല്‍ ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്‍റിന് കാരണം. ബൈഡനെ കുറിച്ച് അന്വേഷിക്കാൻ ഉക്രൈന്‍ പ്രസിഡന്‍റിനോട് ട്രംപ് ആവശ്യപ്പെട്ടു എന്നതാണ് അന്ന് ട്രംപിനെതിരെ ഉണ്ടായിരുന്ന ആരോപണം.