അപിയ: സമോവയിൽ അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി. ഒരുമാസത്തിനിടെ അമ്പത്തിമൂന്നോളം പേരാണ് അസുഖം ബാധിച്ച് മരിച്ചത്. 5520 പേരാണ് ഇതുവരെ രോഗബാധിതരായത്. മരിച്ചവരിൽ അധികവും നാല് വയസിന് താഴെയുള്ള കുട്ടികളാണ്. രണ്ട് ലക്ഷം ജനസംഖ്യയുള്ള പെസഫിക് ദ്വീപ് രാഷ്ട്രമാണ് സമോവൻ. രോഗം പടർന്നതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രോഗപ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം ശനിയാഴ്ച വരെ 94 ശതമാനം പേർക്കും വാക്സിനേഷൻ നൽകിയെന്ന് സർക്കാർ അറിയിച്ചു. നിലവിൽ അസുഖം പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പൊതുനിരത്തിൽ ജനങ്ങൾ കൂട്ടം കൂടുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.