വാഷിങ്‌ടൺ: കൊവിഡ് രോഗികളിൽ സ്‌ട്രോക്കിന് സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട്. പകർച്ചപ്പനി, സെപ്‌സിസ് തുടങ്ങിയ രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് രോഗികൾക്ക് സ്‌ട്രോക്കിന് സാധ്യത കൂടുതലാണെന്നാണ് പഠനങ്ങളിലെ കണ്ടെത്തൽ. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ നടത്തിയ പഠനത്തിലാണ് സാധ്യത കണ്ടെത്തിയത്. രോഗികളായ പ്രായമായവർ, പുരുഷന്മാർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, പ്രമേഹരോഗികൾ എന്നിവർക്ക് മറ്റ് കൊവിഡ് രോഗികളെ അപേക്ഷിച്ച് സ്‌ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണ്. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്‍റെ ഇന്‍റർനാഷണൽ സ്ട്രോക്ക് കോൺഫറൻസ് 2021ൽ ലേറ്റ് ബ്രേക്കിങ് സയൻസാണ് പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.
കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗം മാത്രമല്ല, മറിച്ച് രക്തക്കുഴലുകളെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന രോഗം കൂടിയാണെന്ന് കണ്ടെത്തിയതായി സിയാറ്റിലിലെ വാഷിങ്‌ടൺ സർവകലാശാലയിലെ കാർഡിയോളജി ഫെലോ എം.ഡി സാറ്റ് എസ്. ഷകിൽ പറഞ്ഞു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻസ് കൊവിഡ് 19 കാർഡിയോ വാസ്‌കുലാർ ഡിസീസ് രജിസ്‌ട്രിയിലെ 281 രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഡയഗ്നോസ്റ്റിക് ഇമേജിംഗ് സ്ഥിരീകരിച്ചു. ഇവരിൽ 148 രോഗികൾക്ക് ഇസ്കെമിക് സ്ട്രോക്ക് അനുഭവപ്പെട്ടു. ഏഴ് രോഗികൾക്ക് ചെറിയ ഇസ്കെമിക് സ്‌ട്രോക്കും, 127 രോഗികൾക്ക് രക്തസ്രാവം അല്ലെങ്കിൽ വ്യക്തമല്ലാത്ത തരം സ്ട്രോക്കും അനുഭവപ്പെട്ടു.
സ്‌ട്രോക്ക് വരാൻ സാധ്യതയുള്ള പുരുഷന്മാരുടെ ശരാശരി പ്രായം 61 വയസും, 64 ശതമാനം പ്രായമായവരും ആയിരിക്കും. രോഗികളുടെ നിറമനുസരിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത വ്യത്യാസപ്പെടുന്നു. സിവിഡി രജിസ്‌ട്രിയിലെ 27 ശതമാനം കറുത്ത വർഗക്കാരായ രോഗികളിൽ പഠനം നടത്തിയിട്ടുണ്ട്. ഇസ്കെമിക് സ്ട്രോക്ക് കേസുകളിൽ 31 ശതമാനവും കറുത്ത വര്‍ഗക്കാരായ രോഗികളിലാണ് ഉണ്ടാകുന്നത്. അമേരിക്കയിലെ കറുത്ത വർഗക്കാർക്ക് കൊവിഡ് ബാധിച്ചതിന് ശേഷം ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതായും ഷകിൽ പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വാക്‌സിന്‍റെ വിതരണം വർധിപ്പിച്ച് കൊവിഡ് വ്യാപനം തടയുകയെന്നത് മുമ്പത്തേക്കാളും പ്രധാനമാണെന്നും ഷകിൽ കൂട്ടിച്ചേർത്തു.