കേപ് കനാവറൽ (യു.എസ്): നാല് ബഹിരാകാശയാത്രികർ ഉൾപ്പെടുന്ന സ്പേസ് എക്‌സ് പേടകം വിജയകരമായി വിക്ഷേപിച്ചു. ഓഗസ്റ്റിൽ വിജയകരമായി നടത്തിയ പരീക്ഷണ പറക്കലിനെത്തുടർന്നാണ് രണ്ടാം തവണ നാല് ബഹിരാകാശയാത്രികർ സ്പേസ് എക്‌സ് ക്രൂ ഡ്രാഗൺ വഴി യാത്രതിരിച്ചത്.അമേരിക്കൻ പൗരന്മാരായ മൈക്കൽ ഹോപ്‌കിൻസ്, വിക്‌ടർ ഗ്ലോവർ, ഷാനൻ വാക്കർ എന്നിവരും ജപ്പാൻ പൗരൻ സോചി നൊഗുചിയുമാണ് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യാത്രതിരിച്ചത്. വസന്തകാലം ഇവർ ബഹിരാകാശ നിലയത്തിൽ തുടരും.
സ്പേസ് എക്‌സ് പേടകം വിജയകരമായി വിക്ഷേപിച്ചതോടെ ബഹിരാകാശ യാത്രയിൽ റഷ്യയുടെ പിന്തുണ തേടുന്നത് അമേരിക്ക അവസാനിപ്പിച്ചിരിക്കുകയാണ്. ഇതുവരെ റഷ്യയുടെ സോയൂസ് റോക്കറ്റുകളിലായിരുന്നു നാസയുടെ യാത്രികരും ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നത്. വിക്ഷേപണം കാണുന്നതിന് നിരവധി പ്രമുഖർ എത്തിയിരുന്നു.കൊവിഡ് പശ്ചാത്തലത്തിൽ സ്‌പേസ് എക്‌സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ എലോൺ മസ്‌ക്കിന് ദൂരെ നിന്ന് നിരീക്ഷിക്കാനാണ് അനുമതിയുണ്ടായിരുന്നത്.