വാഷിങ്ടണ്‍ : യുക്രൈനെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്ത് റഷ്യ. അതേസമയം പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിച്ച് 11 വോട്ടുകളും എതിര്‍ത്ത് റഷ്യയുടെ ഒരു വോട്ടുമാണ് ഉണ്ടായത്.
യുഎസും അല്‍ബേനിയുമാണ് കരട് പ്രമേയം തയ്യാറാക്കിയത്. ജെര്‍മനി,യുകെ , ന്യൂസിലാന്‍ഡ്, നോര്‍വെ , പോളണ്ട്, റൊമേനിയ, തുടങ്ങി 14 രാജ്യങ്ങള്‍ പ്രമേയത്തെ പിന്താങ്ങി. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യുക്രൈനിന്‍റെ അതിര്‍ത്തിക്കുള്ളിലെ ആ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും കരട് പ്രമേയം പൂര്‍ണ പിന്തുണ നല്‍കുന്നു. ഉടനെത്തന്നെ യുക്രൈനിലെ ആക്രമണം നിരുപാധികം അവസാനിപ്പിക്കണമെന്നും, കിഴക്കന്‍ യുക്രൈനിലെ ഡൊണെസ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ച തീരുമാനം പിന്‍വലിക്കണമെന്നും റഷ്യയോട് പ്രമേയം ആവശ്യപ്പെടുന്നു.
രക്ഷാസമിതിയിലെ സ്ഥിരം അംഗമെന്ന നിലയില്‍ റഷ്യയ്ക്ക് വീറ്റോ അധികാരം ഉള്ളതിനാല്‍ പ്രമേയം പാസാവില്ലെന്ന് ഉറപ്പായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യമാണ് പാശ്ചാത്യ ശക്തികള്‍ക്കുണ്ടായിരുന്നത്. പ്രമേയം രക്ഷാസമിതിയില്‍ പാസാവാത്ത സാഹചര്യത്തില്‍ യുഎന്‍ പൊതുസഭയില്‍ സമാന പ്രമേയം അവതരിപ്പിക്കാനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം. 193 അംഗ പൊതുസഭയില്‍ വീറ്റോ അധികാരം ആര്‍ക്കുമില്ല.
ALSO READ: LIVE UPDATES: യുദ്ധക്കളമായി യുക്രൈൻ: ആശങ്കയോടെ ലോക രാജ്യങ്ങള്‍
യുക്രൈന്‍ റഷ്യ യുദ്ധപരിഹാരത്തിന് നയതന്ത്ര ചര്‍ച്ചയാണ് വേണ്ടത് എന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാര്‍ഗം ഉപേക്ഷിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയാണ് റഷ്യ. അതിനാലാണ് കടുത്ത ഭാഷയില്‍ റഷ്യയെ വിമര്‍ശിക്കുന്ന പ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത്.
യുക്രൈന്‍ റഷ്യ സംഘര്‍ഷം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമവും ഉണ്ടാവണം. പ്രശ്ന പരിഹാരത്തിന് നയതന്ത്ര ചര്‍ച്ചകളാണ് ആവശ്യം എന്നുള്ളതുകൊണ്ടാണ് ഇന്ത്യ പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നും തിരുമൂര്‍ത്തി വ്യക്തമാക്കി.
യുഎന്‍ രക്ഷാസമിതിയിലെ വോട്ടെടുപ്പിന് മുമ്പായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയ്‌ശങ്കറിനെ ഫോണില്‍ വിളിച്ച് പിന്‍തുണ അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ റഷ്യയ്ക്ക് മേലുള്ള സ്വാധീനം ഉപയോഗിച്ച് യുക്രൈനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്‍റെണി ബ്ലിങ്കണ്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി റഷ്യ യുക്രൈന്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായി അന്താരാഷ്ട്ര തലത്തില്‍ കൂട്ടായ പ്രതികരണം ഉണ്ടാവണമെന്നാണ് ബ്ലിങ്കണ്‍ പ്രതികരിച്ചത്. എന്നാല്‍ റഷ്യയെ പൂര്‍ണമായി തള്ളിപ്പറയാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.