വാഷിങ്ടണ്‍: മഹാത്മ ഗാന്ധിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കാന്‍ അമേരിക്ക. മരണാനന്തര ബഹുമതിയായി ഗാന്ധിക്ക് കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ നല്‍കാനുള്ള പ്രമേയം യുഎസ് കോൺഗ്രസ് അംഗം കാരളിൻ ബി മാലനി പ്രതിനിധി സഭയില്‍ വീണ്ടും അവതരിപ്പിച്ചു. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതില്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായി പുരസ്‌കാരം നല്‍കണമെന്നാണ് ശിപാര്‍ശ.
ഗാന്ധിയുടെ സമരരീതിയും ജീവിതവും മാർട്ടിൻ ലൂഥർ കിങ് ജൂനിയര്‍ മുതല്‍ നെൽസൺ മണ്ടേല വരെയുള്ളവര്‍ക്ക് പ്രചോദനമായെന്ന് പ്രമേയം അവതരിപ്പിച്ച പ്രതിനിധി സഭാംഗം കരോളിന്‍ ബി മലോണി പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഗാന്ധിയുടെ ധൈര്യവും മാതൃകയും അനുദിനം പ്രചോദിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ 2018ലും ഗാന്ധിക്ക് സിവിലിയന്‍ ബഹുമതി നല്‍കുന്നതിനായി മലോണി ശിപാര്‍ശ ചെയ്‌തിരുന്നു.
അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയാണ് കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍. ജോർജ്ജ് വാഷിങ്ടണ്‍, നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, മദർ തെരേസ, റോസ പാർക്‌സ് തുടങ്ങിയവര്‍ക്കാണ് മുന്‍പ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. മദര്‍ തെരേസ, നെല്‍സണ്‍ മണ്ടേല എന്നിവര്‍ക്ക് പുറമേ പോപ്പ് ജോണ്‍പോള്‍ 2, ദലൈലാമ, ആങ് സാന്‍ സ്യൂചി, മുഹമ്മദ് യൂനസ്, ഷിമോണ്‍ പെരേസ് എന്നിവരാണ് ബഹുമതി നേടിയ മറ്റ് വിദേശികള്‍.
Also read: ക്വിറ്റ് ഇന്ത്യ... ആദ്യ രാഷ്ട്രീയ മുദ്രവാക്യം; വീണ്ടും ഒരു 'ഓഗസ്റ്റ് 9'