വാഷിങ്ടണ്‍: ചൈനയില്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന വെറ്റ് മാര്‍ക്കറ്റ് അടച്ചു പൂട്ടിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കത്തയച്ചു. ഇത്തരം വിപണികളെ ചൈന നിയന്ത്രിക്കാത്തതില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും നിയമനിര്‍മാണ സഭയിലെ അംഗങ്ങളുമായ ആല്‍സി ഹേസ്റ്റിംഗും വെര്‍ണര്‍ ബുക്കാനനും ആണ് ആശങ്ക അറിയിച്ചു കൊണ്ട് കത്തയച്ചത്.
ഭാവിയില്‍ മാരകമായ രോഗങ്ങള്‍ പടരാതിരിക്കാന്‍ ഇക്കാര്യത്തില്‍ നിയന്ത്രണവും മേല്‍നോട്ടവും ആവശ്യമാണെന്ന് കത്തില്‍ പറയുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസുകള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ സാഹചര്യവും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വിവിധ തരത്തിലുള്ള വൈറസുകള്‍ ഇത്തരത്തില്‍ പകരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിപണികള്‍ അടിയന്തരമായി അടച്ചു പൂട്ടേണ്ടത് അനിവാര്യമാണ്. കൊവിഡ് 19 രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ഇത്തരം മാര്‍ക്കറ്റുകള്‍ ധാരാളമുണ്ട്. അണുബാധകള്‍ ധാരാളമുണ്ടാകാന്‍ സാധ്യതയും ഇവിടങ്ങളിലുണ്ട്. വൃത്തി ഹീനമായ മാര്‍ക്കറ്റുകളാണ് വുഹാനിലേത്. ഇത്തരം വിപണികള്‍ സമാനമായ രോഗങ്ങള്‍ ഉണ്ടാക്കുമെന്നും ലോക ഭാവിക്ക് വീണ്ടും അപകടമുണ്ടാക്കുമെന്നും അവര്‍ കത്തില്‍ പറയുന്നു.