വാഷിങ്ടൺ: ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് തീവ്രവലതു പക്ഷ സംഘടനയായ 'പ്രൗഡ് ബോയ്‌സി'ലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജോസഫ് ബിഗ്‌സ് (37), യേശു റിവേര (37) എന്നിവരാണ് അറസ്റ്റിലായത്. ഫ്ലോറിഡയിൽ നിന്നാണ് ജോസഫ് ബിഗ്‌സ് അറസ്റ്റിലായത്. പെൻസകോളയിൽ വച്ചാണ് യേശു റിവേരയെ അറസ്റ്റ് ചെയ്തത്. ജനുവരി ആറിനാണ് യുഎസ് കോൺഗ്രസ് ചേരുന്ന ക്യാപ്പിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറിയ അക്രമികൾ കലാപ സമാനമായ അന്തരീക്ഷം സൃഷ്‌ടിച്ചത്. കലാപത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.
എന്നാൽ കലാപത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ജോസഫ് ബിഗ്‌സ് പറഞ്ഞു. 2019ൽ ഒറിഗോണിലെ പോർട്ട്‌ലാന്‍റിൽ ജോസഫ് ബിഗ്‌സ് റാലി സംഘടിപ്പിക്കുകയും അതിൽ ആയിരത്തിലധികം തീവ്രവലതുപക്ഷ പ്രതിഷേധക്കാരും ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തിരുന്നു. ക്യാപിറ്റോൾ മന്ദിരത്തിൽ നിൽക്കുന്ന ഒരു വീഡിയോയും യേശു റിവേര ഫേസ് ബുക്കിൽ പങ്കുവച്ചിരുന്നു. ക്യാപിറ്റൽ കലാപവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.