വാഷിങ്ടൺ: ഇന്ത്യയിലേക്ക് കൊവിഡ് വാക്‌സിനുകൾ കയറ്റുമതി ചെയ്യാനായി ബൈഡൻ ഭരണകൂടത്തിന് മേൽ സമ്മർദമേറുന്നു. യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ്, പ്രശസ്‌ത ഇന്ത്യൻ- അമേരിക്കൻ വ്യക്തികൾ, നിയമപാലകർ എന്നിവരിൽ നിന്നാണ് ഇന്ത്യക്ക് അനുകൂലമായി നിലപാട് വരുന്നത്. ലോകരാഷ്‌ട്രങ്ങളിൽ കൊവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ അസ്‌ട്രാസെനക്ക വാക്‌സിൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കണമെന്ന് യുഎസ് ചേംബർ ആവശ്യപ്പെടുന്നു.
ഇന്ത്യ, ബ്രസിൽ അടക്കം കൊവിഡ് തരംഗം രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്‌സിനുകളും അവശ്യ മരുന്നുകളും കയറ്റി അയക്കണമെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും അന്താരാഷ്ട്ര കാര്യ മേധാവിയുമായ മൈറോൺ ബ്രില്യാൻറ്റ് പറഞ്ഞു.
അമേരിക്കയിൽ നിലവിൽ ഈ വാക്സിൻ ഡോസുകൾ ആവശ്യമില്ലെന്നും അമേരിക്കൻ ജനതയെ വാക്‌സിനേറ്റ് ചെയ്യാനുള്ള വാക്‌സിൻ ജൂൺ മാസത്തോടെ ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ലോക രാഷ്‌ട്രങ്ങൾ പരസ്‌പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാവരും സംരക്ഷിതർ ആവാതെ ആരും സംരക്ഷിതർ ആകുന്നില്ലെന്നും ബ്രില്യാൻറ്റ് പറഞ്ഞു.
ഇന്ത്യയിൽ പടർന്നുകൊണ്ടിരിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ ലോക രാഷ്‌ട്രങ്ങളോട് ട്വിറ്ററിൽ സഹായം അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയത്.
ഇന്ത്യയിലെ നിലവിലെ സ്ഥിതി ആഗോള ആശങ്കയാണെന്നും ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് ഡെപ്യൂട്ടി വക്താവ് ജലീന പോർട്ടർ അഭിപ്രായപ്പെട്ടു. ലോകം മുഴുവൻ സുരക്ഷിതമാകുന്നതുവരെ മഹാമാരി അവസാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് വുമൺ റാഷിദ താലിബ് പറഞ്ഞു.