വാഷിങ്‌ടൺ: ഫൈസർ വാക്‌സിൻ 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) അനുമതി നൽകിയിരുന്നു. അമേരിക്ക വെറും ഒമ്പത് മാസത്തിനുള്ളിൽ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിൻ ലഭ്യമാക്കാനൊരുങ്ങുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നാണിത്. ഇത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും കൊവിഡ് വ്യാപനം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.
സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിൻ നിർമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അമേരിക്ക. ഇത് അമേരിക്കയുടെ പരിധിയില്ലാത്ത സാധ്യതകളെയാണ് പ്രതിഫലിപ്പിക്കുന്നത്. വാക്‌സിൻ ഫലപ്രദമായി വൈറസിനെ കീഴടക്കും. ശേഷം സ്ഥിതി സാധാരണ നിലയിലാകും. ഫൈസറിന് അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതിനുവേണ്ടി പരിശ്രമിച്ച ശാസ്‌ത്രജ്ഞർ, സാങ്കേതിക വിദഗ്‌ധർ, ഡോക്‌ടർമാർ, തൊഴിലാളികൾ എല്ലാവർക്കും നന്ദി പറയുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസറും മോഡേണയും അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഗുരുതരമായ പാർശ്വഫലങ്ങളില്ലാത്തതാണെന്നും കണ്ടെത്തി. വാക്‌സിന്‍റെ ആദ്യത്തെ ലഭ്യതയെക്കുറിച്ച് ഗവർണർമാർ തീരുമാനിക്കും. ലോകമെമ്പാടും 70.1 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിച്ചു. ഇതുവരെ 1.59 ദശലക്ഷത്തിലധികം മരണം റിപ്പോർട്ട് ചെയ്‌തു. അമേരിക്കയിൽ 15.8 ദശലക്ഷത്തിലധികം കേസുകളും 294,000 മരണവും സ്ഥിരീകരിച്ചു.