വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ പെന്‍സ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നില്ല. എന്നാല്‍ മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുത്താല്‍ തങ്ങള്‍ സന്തോഷിക്കുമെന്ന് ബൈഡന് വെള്ളിയാഴ്ച പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പെന്‍സിനെ ക്ഷണിക്കുന്നതായും ബൈഡന് പറഞ്ഞു. വലിയ ആദരവായി മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കാണുന്നുവെന്നും ബൈഡന് കഴിഞ്ഞ ദിവസം പറഞ്ഞു. ജനുവരി 20നാണ് ജോ ബൈഡന് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
എന്നാല്‍ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ ഡൊണൾഡ് ട്രംപ് ട്വിറ്റിലൂടെ അറിയിച്ചിരുന്നു. അതേസമയം, ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോള്‍ കെട്ടിടം ആക്രമിച്ച് അകത്ത് കയറിയത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്കാണ് ആയിരക്കണക്കിന് പേര് സുരക്ഷാസംഘത്തെ മറികടന്ന് ഇരച്ച് കയറിയത്.