വാഷിങ്‌ടൺ: കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കുന്നതിന്‍റെ പേരിൽ യുഎസ് ആസ്ഥാനമായുള്ള പാകിസ്ഥാൻ ചാരിറ്റി സംഘടനകൾ ഫണ്ട് ശേഖരിച്ചുവെന്നും സംഭാവന ചെയ്യപ്പെട്ട ദശലക്ഷക്കണക്കിന് യുഎസ് ഡോളറുകൾ പ്രതിരോധ ആക്രമണങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരിക്കാമെന്നും ഡിസ്ഇൻഫോ ലാബിന്‍റെ റിപ്പോർട്ട്.
ചാരിറ്റിയുടെ പേരിൽ ധനസമാഹരണം
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയ്‌ക്ക് സഹായവുമായി ആഗോളതലത്തിൽ നിരവധി പേരാണ് രംഗത്തെത്തിയത്. എന്നിരുന്നാലും ചില സംഘടനകൾ ഈ പ്രതിസന്ധിയെ ചാരിറ്റിയുടെ പേരിൽ നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കാൻ ഉപയോഗിക്കുന്നു.
ഇത്തരത്തിൽ അനധികൃത ധനസമാഹരണം നടത്തിയ സംഘടനകളെ തുറന്നുകാട്ടിയ ഡിസ്ഇൻഫോ ലാബ് ഇത്തരം സംഘടനകൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുമായും തീവ്രവാദ സംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നും പാകിസ്ഥാൻ സൈന്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്നവയാണിവയെന്നും അവകാശപ്പെട്ടു.
അത്തരത്തിലൊരു ഇസ്ലാമിക സംഘടനയാണ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയെന്നും (ഐഎംഎഎൻഎ) റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഐഎംഎഎൻഎ ചാരിറ്റി പ്രവർത്തനം അവ്യക്തം
ഇല്ലിനോയിസ് ആസ്ഥാനമായുള്ള ഒരു മെഡിക്കൽ റിലീഫ് ഓർഗനൈസേഷനാണ് ഐഎംഎഎൻഎ. 1967ൽ ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) എന്ന പേരിൽ സ്ഥാപിതമായ സംഘടന പിന്നീടാണ് പുനർനാമകരണം ചെയ്യപ്പെട്ടത്. മറ്റ് പല ഓർഗനൈസേഷനുകളിൽ നിന്ന് വ്യത്യസ്തമായി കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഐഎംഎഎൻഎ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ തികച്ചും അവ്യക്തമായിരുന്നു.
കൂടാതെ സമാഹരിച്ച കോടിക്കണക്കിന് രൂപ ചെലവഴിച്ച രീതിയെക്കുറിച്ച് വളരെക്കുറച്ച് വിശദാംശങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ എന്നുള്ളതും സംശയത്തിന് വഴിവയ്‌ക്കുന്നു. 'ഹെൽപ്പ് ഇന്ത്യ ബ്രീത്ത്' പദ്ധതിയുടെ നേതാവായിരുന്ന ഡോ. ഇസ്മായിൽ മെഹറാണ് സംഘടനയുടെ ഇപ്പോഴത്തെ ചെയർമാൻ.
2021 ഏപ്രിൽ 27ന് ഇൻസ്റ്റാഗ്രാമിൽ #ഹെൽപ്പ് ഇന്ത്യ ബ്രീത്ത് കാമ്പെയ്‌ൻ ആരംഭിക്കുകയും 1.8 കോടി രൂപ സമാഹരിക്കുകയും ചെയ്‌തു. അതേസമയം സംഘടനയ്‌ക്ക് ഇന്ത്യയിൽ സ്വന്തമായി ഓഫീസോ ബ്രാൻഡോ പ്രതിനിധിയോ ഇല്ല എന്നുള്ളതും മറ്റൊരു ശ്രദ്ധേയമായ വിഷയമാണ്.
സ്ഥിരീകരിക്കപ്പെടാത്ത അവകാശവാദങ്ങൾ
ഡൽഹിയിലേക്ക് സൗജന്യ കയറ്റുമതിക്കായി എയർ ഇന്ത്യയുമായി സഖ്യമുണ്ടാക്കിയതായി ഐഎംഎഎൻഎ അവകാശപ്പെടുന്നു. കൂടാതെ ഹിന്ദു, സിഖ് സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന സംഘടനകളുടെ ഒരു ശൃംഖല വിപുലീകരിച്ചതായും ഇന്ത്യയുടെ ഡിആർഡിഒയുമായും കൃഷി മന്ത്രാലയവുമായും സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ അവകാശവാദങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയ്‌ക്ക് സഹായമെത്തിച്ചെന്ന് നിരവധി സംഘടനകൾ
ഇത്തരത്തിൽ ഇന്ത്യയെ സഹായിക്കുന്ന പേരിൽ ധനസമാഹരണം നടത്തുന്ന 66ഓളം കാമ്പെയ്‌നുകൾ കണ്ടെത്തിയിട്ടുണ്ട്. ഐസിഎൻഎ റിലീഫ് കാനഡ, ഹ്യൂമൺ കൺസേർൺ ഇന്‍റർനാഷണൽ (കാനഡ), ഹെൽപ്പിങ് ഹാൻഡ് ഫോർ റിലീഫ് ആൻഡ് ഡവലപ്മെന്‍റ് (എച്ച്എച്ച്ആർഡി), ഇസ്ലാമിക് റിലീഫ് യുകെ മുതലായ സംഘടനകൾ ഇവയിൽ ഉൾപ്പെടുന്നുവെന്നും ലാബ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചാരിറ്റി സംഘടനകളുടെ സുതാര്യത ഉറപ്പു വരുത്തണം
ചാരിറ്റി ഓർഗനൈസേഷനുകളുടെ പേരിൽ നടത്തുന്ന ഇത്തരം പ്രഹസനങ്ങൾ കേവലം ഒരു സാമ്പത്തിക തട്ടിപ്പ് മാത്രമല്ല. മറിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. ഇത്തരത്തിൽ ധനസമാഹരണം നടത്തുന്ന സംഘടനകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനായുള്ള സംവിധാനങ്ങൾ ഇന്ത്യ, യുഎസ് സർക്കാരുകൾ നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.